gr

 ആനത്താഴ്ചിറയുടെ ഭൂരേഖകൾ കൈമാറി

കഴക്കൂട്ടം: വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന ആനത്താഴ്ചിറ ടൂറിസ്റ്റുകളെ ഹരം പിടിപ്പിക്കുന്ന നഗര സുന്ദരിയാകാനൊരുങ്ങുന്നു. നൈറ്റ് ലൈഫടക്കമുള്ള ടൂറിസം പദ്ധതികൾക്കൊപ്പം രാജ്യത്തെ ആദ്യത്തെ ഫ്രീഡം പാർക്കും ഇവിടെ സജ്ജമാകും.

ജലാധിഷ്ഠിത സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ,കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദപാർക്ക്,സൈക്കിൾ സവാരിക്കായി പ്രത്യേക സംവിധാനം എന്നിങ്ങനെ പരിസ്ഥിതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.

ടെക്‌നോസി​റ്റിക്കു സമീപം അണ്ടൂർക്കോണം ആനത്താഴ്ചിറയിലെ 16.7 ഏക്കർ ഭൂമിയിലാണ് മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിനെ തുടർന്ന് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആനത്താഴ്ചിറയുടെ ഭൂരേഖകൾ മന്ത്റി കെ.രാജൻ മന്ത്റി പി.എ.മുഹമ്മദ് റിയാസിന് കൈമാറി.പദ്ധതി രൂപരേഖ തയ്യാറാക്കാൻ ടൂറിസം ഇൻവെസ്​റ്റേഴ്സ് മീ​റ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ ചുമതലപ്പെടുത്തി.

പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം സെപ്തംബർ ആദ്യവാരത്തോടെ ക്ഷണിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യ ഫ്രീഡം പാർക്ക് സജ്ജമാക്കുന്നത്. പുത്തൻ ഇന്നൊവേഷനുകളുടെ പ്രദർശനമടക്കമുള്ളവയും ഇതിന്റെ ഭാഗമാക്കും. ചടങ്ങിൽ മന്ത്റി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ,വൈസ് പ്രസിഡന്റ് മാജിദ് ബീവി,​​ജില്ലാപഞ്ചായത്തംഗങ്ങളായ എം.ജലീൽ,​ഉനൈസ അനുസാരി,കുന്നുംപുറം വാഹിദ്,എസ്.എ.വാഹിദ്,കെ.സോമൻ,​അഡ്വ.റെഫീക്ക്​ തുടങ്ങിയവർ പങ്കെടുത്തു.​

ആനത്താഴ്ചിറ

ആറ് പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട നഗരത്തിലെ ഏറ്റവും വലിയ ചിറയാണ് ആനത്താഴ്ചിറ. അണ്ടൂർക്കോണം,പോത്തൻകോട്,മംഗലപുരം പഞ്ചായത്തുകളിലേക്ക് മുൻപ് പൈപ്പ്‌ലൈൻ വഴി കുടിവെള്ളം എത്തിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. കാർഷികാവശ്യത്തിന് സമീപത്തെ കനാലുകൾ വഴിയും വെള്ളം ഉപയോഗിച്ചിരുന്നു. 450 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള തടാകം പോലുള്ള ആനത്താഴ്ചിറയിൽ പുതിയതായി ആരംഭിക്കുന്ന ടൂറിസം പദ്ധതികൾ വൻ വികസനമുണ്ടാക്കുമെന്നാണ് കരുതുന്നത്.