വർക്കല: ജൈവ ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുന്നവർക്ക് ഇനി മുതൽ അഞ്ച് ശതമാനം പ്രോപ്പർട്ടി നികുതി ഇളവ് നൽകുമെന്ന് മന്ത്രി എം.ബി.രാജേഷ്. വർക്കല ശിവഗിരി എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന അദ്ദേഹം. കേരളത്തിൽ പ്രതിദിനം ഉത്പാദിപിക്കുന്ന മുഴുവൻ സാനിറ്ററി പാഡുകളും സംസ്കരിക്കാനുള്ള പ്ലാന്റുകൾ ഈ മന്ത്രിസഭാ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ,ക്ലീൻ സിറ്റി മാനേജർ പ്രകാശ്,വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.