വിതുര: വിതുരയുടെ വിശപ്പകറ്റിയ സ്കൂൾ സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. 'വിശപ്പ് രഹിത വിതുര" പദ്ധതിയിലൂടെ വിശപ്പകറ്രിയ വിതുര ഗവ.വി.എച്ച്.എസ് സ്കൂളിലെ നാഷണൽസർവീസ് സ്കീം വോളണ്ടിയേഴ്സിനാണ് അർഹതയ്ക്കുള്ള അംഗീകാരമായ ഡയറക്ടറേറ്റുതല എൻ.എസ്.എസ് സംസ്ഥാന പുരസ്കാരമെത്തിയത്.
കഴിഞ്ഞ മൂന്നുവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. മൂന്നുവർഷമായി വിശപ്പ് രഹിത വിതുര പദ്ധതി പ്രവർത്തിക്കുന്നുണ്ട്. ആദ്യവർഷം തെരുവുകളിൽ വിശന്നവരെ തേടി എൻ.എസ്.എസ് വോളണ്ടിയർമാർ പൊതിച്ചോറുമായെത്തിയിരുന്നു. കഴിഞ്ഞവർഷം മുതൽ ഇവർതന്നെ നവീകരിച്ച് മാതൃകാബസ് കാത്തിരിപ്പ് കേന്ദ്രമായി ഉയർത്തിയ വിതുര കലുങ്ക് ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിൽ സ്ഥിരം സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഭക്ഷണപ്പൊതി ആവശ്യമുള്ളവർ ഉച്ചയ്ക്ക് വെയിറ്റിംഗ് ഷെഡ്ഡിലെത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്കിൽ നിന്നും ഭക്ഷണപ്പൊതിയെടുക്കും. ഉപയോഗയോഗ്യമായ വസ്ത്രങ്ങളും സ്വാപ്പ് ഷോപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. 100 ദിവസങ്ങൾ കൊണ്ട് വിവിധ പദ്ധതികളിലൂടെ 8 ലക്ഷം രൂപ സമാഹരിച്ച് തങ്ങളുടെ സഹപാഠിക്ക് സ്നേഹവീട് ഒരുക്കി നൽകിയിരുന്നു.
സമാന്തര വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപകനായിരുന്ന കൃഷ്ണപിള്ള സാറിന് സംസ്ഥാനസർക്കാർ പ്രതിമാസ ക്ഷേമപെൻഷൻ നൽകി വരുന്ന അതേനിരക്കിൽ 1600 രൂപ പ്രതിമാസം പെൻഷൻ നൽകുന്നുണ്ട് ഈ മിടുക്കർ.കല്ലാർ ഗവ.എൽ.പി സ്കൂളിലെയും അങ്കണവാടിയിലെയും കുട്ടികളുടെ പോഷകാഹാരം ദൗർലഭ്യം പരിഹരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കി. കല്ലാർ എൽ.പി.എസിലെ കുട്ടികൾക്ക് വിവിധ പഴവർഗങ്ങൾ നൽകിവന്ന പഴക്കൂടപദ്ധതി, വിതുര പഞ്ചായത്തിലെ ചേന്നൻപാറ വാർഡിലുണ്ടായിരുന്ന മാലിന്യകൂമ്പാരം സ്നേഹാരാമം എന്ന പേരിൽ പൂന്തോട്ടമാക്കിയത്, ജീവിനോപാധിയായി വീട്ടമ്മമാർക്ക് ആടുകളെ നൽകിയ ബക്കരിബാങ്ക് പദ്ധതി, തയ്യൽ മെഷീൻ, കോഴിക്കുഞ്ഞും കൂടും തീറ്റയും പദ്ധതി എന്നിവയും സംഭാവനയാണ്.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ 10കുപ്പിക്ക് 2ഗപ്പി, ആനപ്പാറ ഗവ. ഹൈസ്കൂളിലെ മുഴുവൻ യു.പി,എച്ച്.എസ് സ്ഥലത്തിലെ കുട്ടികൾക്കും സൗജന്യമായി മഷിപ്പേനയും ഒരുവർഷത്തേക്കുള്ള മഷിയും നൽകിയ 'എന്റെ മഷിപ്പേന" പദ്ധതിയും നടപ്പാക്കി.
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 3രക്തദാന ക്യാമ്പുകൾ ഉൾപ്പെടെ 10 മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. ഫലവൃക്ഷത്തൈകൾ ഉൾപ്പെടെ 750ഓളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ,വിവിധ പദ്ധതികൾക്ക് ധനസമാഹരണത്തിനായി ബനാനചിപ്സ് ചലഞ്ച്,തുണിസഞ്ചിചലഞ്ച്, ബിരിയാണി ചലഞ്ച്, കൺസ്യൂമർ പ്രോഡക്ടുകളുടെ വില്പന,ഫുഡ് ഫെസ്റ്റ് എന്നിവയും സംഘടിപ്പിച്ചു.
വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മഞ്ജുഷ.എ.ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ.വി.പി, വോളണ്ടിയർ ലീഡർമാരായിരുന്ന അഭിരാം,ആദിത്യ,ഷൈൻ ഷൈജു,സൂര്യ ഗായത്രി,അതുൽ,ആതിര എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിച്ചത്.
വി.പി.അരുൺ മികച്ച
പ്രോഗ്രാം ഓഫീസർ
മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും വോളണ്ടിയർമാരെ പ്രാപ്തമാക്കിയതിന് അദ്ധ്യാപകനും പ്രോഗ്രാം ഓഫീസറുമായ അരുൺ.വി.പി മികച്ച പ്രോഗ്രാം ഓഫീസറിനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹനായി. ഇടനില യു.പി.എസിലെ അദ്ധ്യാപിക ചിന്നു.പി.എയാണ് ഭാര്യ.
ഫോട്ടോ....വി.പി.അരുൺ