rajesh

വെഞ്ഞാറമൂട്: മികച്ച ഭരണ നേട്ടങ്ങളിലും പുരസ്കാര നേട്ടങ്ങളുടെ നിറവിലും തിളങ്ങിയ പുല്ലമ്പാറ മാണിക്കൽ പഞ്ചായത്തുകൾക്ക് ഇത് അഭിമാന നിമിഷം. ആഗസ്റ്റ് 13 മുതൽ 16 വരെ ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ അതിഥികളായി പങ്കെടുക്കാൻ പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷിനും മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയനും ക്ഷണം കിട്ടിയിരിക്കുകയാണ്.

കേന്ദ്രജല ശക്തി അഭിയാൻ ക്യാച്ച് ദ റെയിൻ പരിപാടിയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് ഇരു പഞ്ചായത്ത് പ്രസിഡന്റുമാർക്കും രാജ്യ തലസ്ഥാനത്ത് അതിഥികളായെത്താൻ ക്ഷണം കിട്ടിയത്. ദേശീയ ജല അവാർഡ്, സ്വരാജ് ട്രോഫി പുരസ്കാരം, പരിസ്ഥിതി പുനഃസ്ഥാപനത്തിനായുള്ള ജനകീയ കൂട്ടായ്മയായ നീരുറവ്, കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ചങ്ങാതി ഡോക്യു ഡ്രാമ, കബഡി ടീം, സഞ്ചരിക്കുന്ന ലൈബ്രറി, ഡ്രീംസ് വിവര സാങ്കേതിക പോഷണ പരിപാടി, തുടങ്ങിയ ഒട്ടേറെ നൂതന പദ്ധതികളാണ് പ്രസിഡന്റ് പി.വി. രാജേഷിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പാക്കുന്നത്.

ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മാണിക്കൽ പഞ്ചായത്തിന്റെ പദ്ധതിയാണ് പുഴയൊഴുകും മാണിക്കൽ. ദേശീയ ജല അവാർഡ്, വയോ ജന സൗഹൃദ്യ പഞ്ചായത്ത് സംസ്ഥാന അവാർഡ്,ആർദ്ര കേരള പുരസ്കാരം, കായകല്പ പുരസ്കാരം,ഹരിത മിത്രം ആപ്പ്,ഘടക സ്ഥാപനങ്ങൾക്കെല്ലാം ഐ .എസ്.ഒ ലഭിക്കുന്ന ആദ്യ പഞ്ചായത്ത്,തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളാണ് കുതിരകുളം ജയന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേടിയിട്ടുള്ളത്.