general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ചാനൽപ്പാലം റസൽപുരം റോഡിൽ ഓരാനകോട് ക്ഷേത്രം,​ എള്ളുവിള,​ എരുത്താവൂർ എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന കനാൽ ഇടവഴി കാട് കയറി ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുന്നതായി നാട്ടുകാർ. വോട്ടഭ്യർത്ഥിച്ച് വീടുകളിലെത്തുന്ന രാഷ്ട്രീയകക്ഷികളോട് നാട്ടുകാർക്ക് പറയാൻ ദുരിതമേറെയാണ്. നല്ലൊരു കോൺക്രീറ്റ് പാതയില്ല.

മഴക്കാലമെത്തിയതോടെ കനാലിന്റെ ഇരുവശങ്ങളിലും പൂച്ചെടികളും വള്ളിപ്പടർപ്പുകളും പടർന്ന് പന്തലിച്ച് നായ്ക്കളുടേയും ഇഴജന്തുക്കളുടേയും സ്വൈര്യവിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. നടപ്പാത പോലും കാണാൻ കഴിയാത്തവിധം കാട് വളർന്ന് യാത്രാതടസം നേരിട്ടിരിക്കുകയാണ്.

രാത്രികാലങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിവിധ പ‌ഞ്ചായത്ത് ഭരണസമിതികൾ മാറിമാറി ഭരിച്ചിട്ടും എള്ളുവിള നിവാസികൾക്ക് നടപ്പാതയൊരുക്കാൻ ജനപ്രതിനിധികളിൽ ആർക്കും സാധിച്ചിട്ടില്ല.

പാമ്പുകൾ ഭീഷണിയാകുന്നു

കനാലിന് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഉഗ്രവിഷമുള്ള പാമ്പുകൾ പരിസരവാസികളായ താമസക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പഞ്ചായത്തും സ്വകാര്യവ്യക്തിയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ കനാൽ വഴി എള്ളുവിള ഭാഗത്തേക്കുള്ള ക്രോൺക്രീറ്റ് പാതയൊരുക്കാനുള്ള പഞ്ചായത്തിന്റെ പ്രോജക്ടും അവതാളത്തിലാണ്.

വികസനം മുരടിപ്പിൽ

എള്ളുവിള ഭാഗത്തെ അമ്പതോളം കുടുംബങ്ങൾ റസൽപുരം ഗുരുമന്ദിരത്തിലേക്കും റസൽപുരം എം.ജെ ഓഡിറ്റോറിയം,​ കച്ചവട സ്ഥാപനങ്ങൾ,​ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങിലേക്ക് പോകുന്ന പ്രധാന പാതയാണ് പഞ്ചായത്തും സ്വക്യാര്യവ്യക്തിയും തമ്മിലുള്ള തകർക്കം കാരണം വികസനം മുരടിച്ച് കിടക്കുന്നത്.

നടപ്പാട കോൺക്രീറ്റ് ചെയ്യണം

കഴിഞ്ഞ അഞ്ച് വർഷമായി കനാലിനോട് ചേർന്നുള്ള എള്ളുവിളയിലേക്ക് പോകുന്ന നടപ്പാട കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്. സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനൽകുന്നില്ലെന്ന കാരണത്താൽ നാട്ടുകാർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് റസൽപുരം ഗുരുമന്ദിരത്തിലേക്ക് എത്തിച്ചേരുന്നത്. തിരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങൾ ശേഷിക്കെ എള്ളുവിള നിവാസികൾക്ക് ആശ്രയമായ നടപ്പാത കോൺക്രീറ്റ് ചെയ്യണമെന്നാണ് ആവശ്യം.