വെള്ളറട: വെള്ളറട പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെട്ട നൂലിയം കുളം നവീകരണവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ വിജിലൻസ് സംഘമെത്തി. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ നിന്നും അന്വേഷണ സംഘമെത്തിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സംസ്ഥാന സർക്കാരിന്റെ ഓഡിറ്റ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.സ്വകാര്യവ്യക്തി ഓംബുഡ്സ്മാനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഡിറ്റ് വിഭാഗം പരിശോധനയിൽ 2021-24കാലയളവിൽ തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ വർക്കിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.
കുളങ്ങളുടെ നിർമ്മാണം,മാർക്കറ്റ് നവീകരണം,നടപ്പാത കോൺക്രീറ്റ് ചെയ്യൽ,മിനി എം.സി.എഫ് നിർമ്മാണം, വർക്ക്ഷെഡ് നിർമ്മാണം എന്നീ പദ്ധതികളിലാണ് ക്രമക്കേട് കണ്ടെത്തിയത്. എംബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ചല്ല തുകകൾ നൽകിയിട്ടുള്ളതെന്നും ഒരു വർക്കിന് രണ്ട് ടെൻഡറാണ് നടത്തിയിട്ടുള്ളതെന്നും പലവർക്കിലും ഒരേവീട്ടിലെ അംഗങ്ങളാണ് ടെൻഡർ നൽകിയിട്ടുള്ളതെന്നും മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വിലയ്ക്കാണ് സാധനങ്ങൾ സപ്ളൈ ചെയ്തതെന്നും കണ്ടെത്തിയതോടെ ഓഡിറ്റ് വിഭാഗം വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നു.
ഇന്നലെ വിഷയം ചർച്ചചെയ്യുന്നതിന് പഞ്ചായത്ത് അംഗങ്ങളുടെ അടിയന്തരയോഗം വിളിച്ചുചേർത്തിരുന്നു. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിനായി അടിയന്തരമായി നോട്ടീസ് നൽകാൻ തീരുമാനമെടുത്തു. സംഭവത്തിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ സി.ജ്ഞാനദാസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധം നടത്തിയിറങ്ങിപോയി.