general

ബാലരാമപുരം: ബാലരാമപുരം ജി.എച്ച്.എസ്.എസിൽ നടന്ന ഹൈസ്കൂൾ- ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ സ്കൂൾ കവാടത്തിന് മുന്നിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. പ്രവർത്തകരുടെ കല്ലേറിൽ എസ്.എഫ്.ഐ പ്രവർത്തകൻ സജീറിന്റെ ​ മൂക്കിന്റെ പാലം തകർന്നു. ഉന്തിലും തള്ളിലും എസ്.എഫ്.ഐ പ്രവർത്തകരായ പ്ലസ് ടു വിദ്യാർത്ഥി സ്വരൂപിന്(17)​ തലയ്ക്കും സ്കൂളിൽ നിന്നു പ്ലസ് ടു പഠനം പൂർത്തിയാക്കിയ അൻജിത്തിന്റെ (18)​ കണ്ണിനും പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സജീർ ബാലരാമപുരം നിംസ് മൈക്രോ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി. എസ്.എഫ്.ഐയുടെ പ്രചാരണ വാഹനം കെ.എസ്.യു പ്രവർത്തകർ തകർത്തതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് സ്കൂളിനുള്ളിലേക്ക് കല്ലേറും വാക്കേറ്റവും നടന്നു. ബാലരാമപുരം പൊലീസ് ക്യാമ്പ് ചെയ്തെങ്കിലും കെ.എസ്.യു,​ എസ്.എഫ്.ഐ സംഘർഷത്തിന് തടയിടാൻ സാധിച്ചില്ല. കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ പൊലീസ് രണ്ട് മണിക്കൂറോളം സ്കൂൾ കവാടത്തിൽ ക്യാമ്പ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ബാലരാമപുരം എസ്.എച്ച്.ഒ സ്കൂൾ പ്രിൻസിപ്പൽ,​ ഹൈസ്കൂൾ വിഭാഗം മേധാവി,​ സ്കൂൾ പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും സംഘർഷം തടയാൻ സാധിച്ചില്ല. പ്രകോപനത്തിനിടയിൽ സ്കൂൾ ഗേറ്റിന്റെ പൂട്ടും വിദ്യാർത്ഥികൾ തകർത്തു. പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരെ വി. ജോയി എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു.