തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സംസ്ഥാനത്തു നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
ജലശുദ്ധീകരണ ശാലകൾ, അനുബന്ധ പ്ലാന്റുകൾ, ഉപരിതല ജലസംഭരണികൾ, റോ വാട്ടർ സോഴ്സിംഗ് കിണറുകൾ, പൈപ്പ് ലൈനുകൾ എന്നിവ വിവിധ ഘട്ടങ്ങളിലായി മുടങ്ങിക്കിടക്കുന്നു. കേന്ദ്രാനുമതി വൈകുന്നതുമൂലം അനുബന്ധ പ്രവർത്തനങ്ങളും സ്തംഭിച്ച നിലയിലാണ്.
തന്റെ മണ്ഡലമായ ഹരിപ്പാട്ട് കുടിവെള്ള പദ്ധതി മൂന്ന് ഘട്ടമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. 2014 ൽ 35 കോടിയുടെയും രണ്ടാം ഘട്ടത്തിന് 2017 ൽ 35 കോടിയുടെയും ഭരണാനുമതി ലഭിച്ചു. ഹരിപ്പാട് നഗരസഭയ്ക്കും കാർത്തികപ്പള്ളി, ചിങ്ങോലി, ചേപ്പാട്, പള്ളിപ്പാട്, കുമാരപുരം, ചെറുതന , കരുവാറ്റ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, മുതുകുളം എന്നീ പഞ്ചായത്തുകൾക്കും വേണ്ടി വിഭാവനം ചെയ്തിട്ടുള്ളതാണ് ഹരിപ്പാട് പദ്ധതി. 585കോടിരൂപയാണ് പ്രതീക്ഷിത ചെലവ്. മാന്നാർ മുല്ലശ്ശേരി കടവ് മുതൽ പള്ളിപ്പാട് ജലശുദ്ധീകരണ ശാല വരെ ഒൻപത് കി.മീറ്റർ നീളത്തിൽ ജോലി മുടങ്ങിക്കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസിൽ വാട്ടർ അതോറിട്ടിക്ക് അനുകൂലമായി വിധി വന്നിട്ടും പണി തുടങ്ങിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.