photo1

പാലോട്: കീറിയ പഴയ ടാർപോളിൻ ഷീറ്റിൽ നിന്ന് മഴവെള്ളം കുടിലിൽ നിറയുമ്പോഴും പട്ടികളേയും പൂച്ചകളേയും ചേർത്ത് പിടിച്ച് സുമതിയമ്മയും ഉറങ്ങാൻ കിടക്കും. 35 വർഷമായി ശരിക്കൊന്ന് ഉണ്ണാതെയും ഉറങ്ങാതെയും ഒരമ്മ സ്വന്തമല്ലാത്ത വസ്തുവിൽ മഴനനഞ്ഞും വെയിൽ കൊണ്ടും ജീവിക്കുന്നത്. നന്ദിയോട് പഞ്ചായത്തിലെ പച്ച പാലുവള്ളി ഒൻപതേക്കർ ഹരിജൻ കോളനിയിലാണീ കാഴ്ച. വാതിലുകളോ, ടോയ്ലെറ്രോ, കിണറോ, വൈദ്യുതിയോ ഇല്ലാതെയാണ് ജീവിക്കുന്നത്.

78 വയസുള്ള സുമതിയമ്മ തല ചായ്ക്കാൻ ഇടത്തിനായി പല സ്ഥലത്തും പോയി. രണ്ടാം ക്ലാസ് വരെ പഠിച്ച സുമതിയമ്മയ്ക്ക് എഴുത്തും വായനയുമൊന്നും ശരിയ്ക്കറിയില്ല. ബന്ധുവിന്റെ കാരുണ്യത്തിൽ വച്ചു കെട്ടിയ മാടത്തിലിരുന്ന് സുമതിയമ്മ ഉറക്കെ പാട്ടു പാടും. നാടൻ പാട്ടും മറ്റു പാട്ടുകളുമൊക്കെ, പാടുന്നത് കേട്ട ചില ചെറുപ്പക്കാർ സുമതിയമ്മയ്ക്ക് സ്റ്റേജിൽ പാടാൻ അവസരം നൽകിയിട്ടുണ്ട്.

രണ്ട് പട്ടികൾക്കും മൂന്ന് പൂച്ചകൾക്കും അന്നമുണ്ടാക്കാനുള്ള വഴിയും ആലോചിക്കേണ്ടതായുണ്ട്. പ്ലാസ്റ്റിക് കുപ്പികളും വനത്തിലും റബ്ബർ പ്ലാന്റിലും വിറക് പെറുക്കി കിലോമീറ്ററുകൾ തലച്ചുമടായി കൊണ്ടുപോകും. കിട്ടുന്ന മുപ്പത് രൂപയോ അൻപത് രൂപയോ ആണ് ഇവരുടെയെല്ലാം ജീവൻ നിലനിറുത്തുന്നത്.