തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനത്തിന് തകരാറില്ലെന്ന് സൂപ്രണ്ട് ഡോ.കൃഷ്ണവേണി അറിയിച്ചു. ദിവസേന ആയിരത്തിലേറെ രോഗികളെത്തുന്ന ജനറൽ ആശുപത്രിയിൽ ഉപകരണങ്ങൾ തകരാറിലായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ, ഇടക്കാലത്തുണ്ടായിരുന്ന തകരാറുകൾ പരിഹരിച്ചെന്നും നിലവിൽ ആറ് ഡയാലിസിസ് യൂണിറ്റുകളും പ്രവർത്തനക്ഷമമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

എക്സറേ മെഷീനും ഇടയ്ക്ക് തകരാറുണ്ടായിരുന്നു.ഇതും ഇപ്പോൾ പ്രവർത്തനക്ഷമമാണ്.ആശുപത്രിയിലെ രണ്ടു ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തനരഹിതമാണെന്നാണ് ആരോപണമുണ്ടായിരുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികളാണ് ജനറൽ ആശുപത്രിയിലെത്തുന്നത്. ഇതിൽ തന്നെ വലിയൊരു ശതമാനവും എത്തുന്നത് ഡയാലിസിസിന് വേണ്ടിയാണ്. ഇത്രയും രോഗികൾ വരുമ്പോൾ തീർച്ചയായും ഉപകരണങ്ങൾ പ്രവർത്തനക്ഷമമായി തന്നെ സൂക്ഷിക്കും.കാലപ്പഴക്കം വന്ന ഉപകരണങ്ങൾ ആറുമാസം കൂടുമ്പോൾ കണ്ടം ചെയ്യുന്നത് സ്വാഭാവികമായ നടപടിക്രമമാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.