തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തിന്റെ മുൻവശത്തെ പടവുകളിൽ 1460 ഗായകർ മൂന്ന് നിരകളിലായി അണിനിരന്നു. മുകളിലത്തെ നിരയിൽ ഓറഞ്ച് തൊപ്പിക്കാർ...നടുവിൽ വെള്ള..ഏറ്റവും താഴെ പച്ച. പിന്നിൽ പാറിപ്പറക്കുന്ന കൂറ്റൻ ദേശീയ പതാകയെ സാക്ഷിയാക്കി അവർ ഒരേ സ്വരത്തിൽ പാടി,​ 'സാരേ ജഹാ സെ അച്ഛാ'... കേരള ഗാന്ധി സ്മാരക നിധിയും പാട്ടിന്റെ കൂട്ടുകാരൻ എന്ന സംഘടനയും വിവിധ സംഗീത കൂട്ടായ്മകളും സംയുക്തമായാണ് തലസ്ഥാനം ദേശത്തിനായി പാടുന്നു എന്ന പരിപാടി സംഘടിപ്പിച്ചത്.

10 മിനിറ്റുള്ള ഗാനാലാപനത്തിൽ ഒടുവിൽ ജനഗണമന പാടി അവസാനിപ്പിച്ചപ്പോൾ വഴിയാത്രക്കാർ ഉൾപ്പെടെ അനങ്ങാതെ നിന്ന് ദേശസ്നേഹം പ്രകടിപ്പിച്ചു. പത്തിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. 'പരിശീലനത്തേക്കാൾ ഏറെ മെച്ചപ്പെട്ടു...ഒരുപാട് സന്തോഷം.. 'എന്ന് ഭാരവാഹികൾ അറിയിച്ചു. പാട്ടിന്റെ കൂട്ടുകാർ സംഘടനയുടെ രക്ഷാധികാരി വേണുഗോപാൽ പരിപാടിക്ക് നേതൃത്വം നൽകി. നയാസ് ഇല്യാസ് മുഖ്യകോർഡിനേറ്ററായി. ടാലന്റ് വേൾഡ് റെക്കാഡിലും സംഘം ഇടം നേടി. മന്ത്രി ജി.ആർ.അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ കളക്ടർ അനു കുമാരി,മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ.രാജു, വാർഡ് കൗൺസിലർമാരായ വി.വി.രാജേഷ്,പി.പദ്മകുമാർ എന്നിവർ പങ്കെടുത്തു.