കല്ലറ: വാഴയിലയില്ലാത്ത ഓണസദ്യ മലയാളികൾക്ക് ചിന്തിക്കാൻപോലും കഴിയില്ല. വീട്ടിൽ വാഴയിലയില്ലാത്തവർക്കായി പതിവായി വിപണിയിൽ ഇവ എത്താറുമുണ്ട്. ഇത്തവണ ചിങ്ങം മദ്ധ്യത്തോടെയാണ് ഓണം. വിവാഹ സീസൺകൂടിയായതിനാൽ വാഴയില കിട്ടാനുംപാടാണ്. കിഴക്കൻ മേഖലയിൽ നിന്നെത്തിയിരുന്ന ഇലകൾ ഇത്തവണ കുറഞ്ഞു. ഇടയ്ക്കിടെയുള്ള മൺസൂൺ പെയ്ത്തും കാറ്റും ഏക്കറുകണക്കിന് വാഴക്കൃഷിയെ ബാധിച്ചതാണ് വാഴയില ക്ഷാമത്തിന് കാരണം.
നാടനൊപ്പം വരത്തനും
നാടൻ വാഴയിലയ്ക്ക് ക്ഷാമമുള്ളതിനാൽ തമിഴ്നാട്ടിലെ തൂത്തുക്കുടി,കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് വാഴയിലയെത്തുന്നത്. ചിങ്ങം മുന്നിൽക്കണ്ട് ഇലയ്‌ക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്.
ഞാലിപ്പൂവൻ വാഴയുടെ ഇലയ്ക്കാണ് ഡിമാൻഡ് കൂടുതൽ. മറ്റു ഇലകളെ അപേക്ഷിച്ച് പെട്ടന്ന് പൊട്ടി പോകില്ല, നേർത്തതുമാണ്.