തിരുവനന്തപുരം: ഒരു കോടി രൂപ മുടക്കി നവീകരിച്ച റോഡ് തകർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. കല്ലറ കൊടിതൂക്കിയ മുക്ക്-തെങ്ങുംകോട് റോഡിൽ നവോദയ ഗ്രന്ഥശാലയ്ക്ക് മുന്നിൽ കൂറ്റൻ തടികൾ ഇറക്കി കോൺക്രീറ്റും ഓടയും തകർത്തെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ കമ്മിഷൻ കേസെടുത്തു. കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. റോഡ് കൈയേറിയതു കാരണം വാഹനാപകടങ്ങൾ പതിവാണെന്ന് കല്ലറ സ്വദേശി എസ്. സഹീദിന്റെ പരാതിയിൽ പറയുന്നു.