മലയിൻകീഴ്: എ.സി തകരാർ പരിഹരിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. പേയാട് അലകുന്നം കിഷോറിന്റെ വീട്ടിലെ രണ്ടാം നിലയിൽ എ.സി നന്നാക്കുന്നതിനിടെ പൊറ്റയിൽ കുന്നുവിള രാജേന്ദ്രന്റെ മകൻ അഖിൽരാജാണ് (21) മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. രണ്ടാം നിലയുടെ സൺ ഷെയ്ഡിൽ നിന്ന് സഹപ്രവർത്തകനൊപ്പം എ.സിയുടെ തകരാർ പരിഹരിക്കവെയായിരുന്നു അപകടം.
കുണ്ടമൺഭാഗത്തെ എ.സി സർവീസ് സെന്ററിൽ നിന്നാണ് അഖിലെത്തിയത്. എ.സി ഫിറ്റ് ചെയ്തിരിക്കുന്നതിന് നേരെ താഴേയായിരുന്നു കിണർ. കിണറിന് മൂടിയുമില്ലായിരുന്നു.
കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് അഖിലിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. വിളപ്പിൽശാല പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഖിൽ രാജിന്റെ അമ്മ പരേതയായ രമണി. സഹോദരി: ആര്യ രാജ്.