വിഴിഞ്ഞം: ആഴിമല ക്ഷേത്രത്തിലെ തറ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച രാഹുൽ, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.ക്ഷേത്രനട അടച്ച് കഴിഞ്ഞാൽ എന്നും വീട്ടിൽ പോകുമായിരുന്നു.എന്നാൽ വെള്ളിയാഴ്ച പോകാൻ വൈകി.ചിങ്ങമാസ പിറവിയോടനുബന്ധിച്ച് ക്ഷേത്രത്തിനുള്ളിലെ ടൈൽസ് വൃത്തിയാക്കാനായിരുന്നു നിന്നത്.ഇതിനായി ആളൊഴിയുന്നതും കാത്തിരുന്നു.രാത്രി 10.30ഓടെ ഇലക്ട്രിക് ഗൺ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റ് വീണത്.എന്നാൽ ഇതാരും അറിഞ്ഞില്ല.കഴിഞ്ഞ ആറ് വർഷത്തോളമായി രാഹുൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
മാതാപിതാക്കളെ സംരക്ഷിക്കും
രാഹുൽ വിജയന്റെ മാതാപിതാക്കളുടെ സംരക്ഷണം ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുക്കുന്നത് ആലോചിക്കുമെന്ന് ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ പറഞ്ഞു.24ന് ചേരുന്ന ട്രസ്‌റ്റ് അംഗങ്ങളുടെ പൊതുയോഗ ശേഷമാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുന്നത്.സഹോദരിയുടെ വിവാഹശേഷം മാതാപിതാക്കളുടെ സംരക്ഷണം രാഹുലിനായിരുന്നു.വൃക്ക രോഗിയായ രാഹുലിന്റെ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശുദ്ധികലശം
ക്ഷേത്രത്തിൽ ശുദ്ധികലശ നടപടികൾ തുടങ്ങിയതായും ഇന്ന് മുതൽ നട തുറക്കുമെന്നും അറിയിച്ചു.വൈകാതെ ദേവപ്രശ്നം നടത്തി നിർദ്ദേശിക്കുന്ന പരിഹാരനടപടികൾ നടത്തുമെന്നും ക്ഷേത്ര ട്രസ്‌റ്റ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ അറിയിച്ചു.