തിരുവനന്തപുരം: മൃഗങ്ങളുടെ അടിമത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടിക്കൂട്ടിൽ നാല് ദിവസത്തെ നിരാഹാരസമരവുമായി ആക്ടിവിസ്റ്റ് ജീവൻ ജയകൃഷ്ണൻ. സെക്രട്ടേറിയറ്റിന് മുന്നിൽവച്ച കൂട്ടിൽ സ്വാതന്ത്ര്യദിനത്തിലാണ് നിരാഹാര സമരം ആരംഭിച്ചത്. മൃഗങ്ങളുടെ അടിമത്തം നിലനിറുത്തി മനുഷ്യ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ കപടതയ്ക്കെതിരെയാണ് സമരം.
നമ്മുടെ രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, മൃഗങ്ങൾ നേരിടുന്ന അനീതി തുറന്നുകാട്ടാനാണ് തന്റെ സ്വാതന്ത്ര്യം മനഃപൂർവം ഉപേക്ഷിച്ച് സമരം ചെയ്യുന്നതെന്ന് ജീവൻ പറഞ്ഞു. കോഴികൾ, ആടുകൾ, പശുക്കൾ എന്നിവയടക്കമുള്ള ജീവി വർഗ്ഗങ്ങളെ ചൂഷണം ചെയ്യുന്ന വ്യവസായങ്ങൾ ഏറെയാണെന്നും
അങ്ങനെയുള്ള ദശലക്ഷക്കണക്കിന് ജീവികളുടെ പ്രതീകമായാണ് താൻ സമരം ചെയ്യുന്നതെന്നും ജീവൻ പറഞ്ഞു.
മൃഗങ്ങളെ അടിമത്തത്തിന് വിധേയമാകുന്ന നിയമങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 20 പേരടങ്ങുന്ന ഒരു സംഘമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. മൃഗങ്ങളുടെ ബ്രീഡിംഗ് അവസാനിപ്പിക്കണമെന്നും മൃഗങ്ങളെ ഉപദ്രവിക്കുന്നവരെ നിയമപരമായി ശിക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.