തിരുവനന്തപുരം: അടച്ചുറപ്പുള്ള വീടുകളിൽ അന്തിയുറങ്ങണമെന്ന ആഗ്രഹം ഇതുവരെ സഫലമാകാത്തതിന്റെ നിരാശയിലാണ് കരിമഠം കോളനിയിലെ 105 കുടുംബങ്ങൾ. വീടുകൾ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയോടെ വർഷങ്ങളായി കഴിയുകയാണ് ഇവർ.
കേന്ദ്രസർക്കാരിന്റെയും നഗരസഭ അധികൃതരുടെയും കൃത്യമായ ഇടപെടലില്ലാത്തത് കാരണമാണ് പദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. സാങ്കേതിക അനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. നഗരദരിദ്രർക്കുള്ള അടിസ്ഥാന വികസന സേവന പദ്ധതി (ബി.എസ്.യു.പി) വഴിയാണ് ഭവന നിർമ്മാണം നടത്തുന്നത്.
കേന്ദ്ര സർക്കാരാണ് ഫണ്ട് അനുവദിക്കുന്നതെങ്കിലും നഗരസഭയ്ക്കാണ് നിർമ്മാണ,നിർവഹണച്ചുമതല. ഗുണഭോക്താക്കൾ രേഖ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പദ്ധതി നീളാൻ കാരണമെന്നാണ് നഗരസഭയുടെ വാദം. എന്നാൽ അങ്ങനെയല്ലെന്നാണ് സ്ഥലവാസികൾ പറയുന്നത്.
ദുരിതത്തിലായി കുടുംബങ്ങൾ
ഇടിഞ്ഞുവീഴാറായ കുടിലുകളിലും കാറ്റത്ത് പാറിപ്പോകുന്ന ഷെൽട്ടറുകളിലുമാണ് പലരും ഇപ്പോൾ താമസിക്കുന്നത്. മറ്റ് ചില കുടുംബങ്ങൾ ബന്ധുവീടുകളിലും വാടകവീട്ടിലും കഴിയുന്നു. ഇവർക്ക് വീട്ടുവാടകയായി 2000 രൂപ നൽകുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് പലർക്കും ലഭിക്കുന്നില്ലെന്നും തുക അപര്യാപ്‌തമാണെന്നുമാണ് പരാതി.
ഓരോ ഭവനത്തിനും 21 ലക്ഷം
നിലവിലുള്ള പദ്ധതിരേഖയനുസരിച്ച് ഓരോ ഭവനത്തിനും 21 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ബേക്കർ മാതൃക വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. മൂന്ന് നിലകളായി 121 ഫ്ലാറ്രുകളാണ് സജ്ജമാക്കുക. രണ്ട് മുറി,രണ്ട് ഹാൾ,അടുക്കള,ടോയ്ലെറ്റ് എന്നിവയുണ്ടാകും. മാലിന്യ സംസ്കരണ സംവിധാനം പ്രത്യേകമായി നിർമ്മിക്കണം. കോസ്റ്റ്ഫോർഡ് എന്ന കമ്പനി സമുച്ചയങ്ങൾ നിർമ്മിക്കാൻ ആലോചിച്ചെങ്കിലും തീരുമാനമായില്ല.