sathyanesan

ആര്യനാട്: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ടിപ്പർ ലോറി കയറി മരിച്ച റിട്ട. ലേബർ ഓഫീസറും പാരലൽ കോളേജ് അദ്ധ്യാപകനുമായ ഉഴമലയ്ക്കൽ വാലൂക്കോണം മുതിയംകോണം കിഴക്കേതിൽ ഹൗസിൽ സത്യനേശന് (62) നാടിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച ഉച്ചവരെ കുറ്റിച്ചലിലെ സ്ഥാപനത്തിൽ ക്ലാസെടുത്ത് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സത്യനേശന് ദാരുണാന്ത്യമുണ്ടായത്. സ്നേഹത്തോടെ നാളെ കാണാം എന്നുപറഞ്ഞ് വിട്ടയച്ച കുട്ടികൾക്ക് തങ്ങളുടെ പ്രീയ അദ്ധ്യാപകന്റെ വേർപാട് താങ്ങാൻ കഴിയാത്തതായി. പാരലൽ കോളേജ് അദ്ധ്യാപകനായിരിക്കേ പഠിപ്പിച്ച വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സുഹൃത്തുകളും അടക്കം വൻ ജനാവലി വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. എല്ലാവരോടും സൗമ്യതയോടെ സംസാരിക്കുന്ന ഏത് വിഷമഘട്ടത്തിലും താങ്ങായിനിൽക്കുന്ന അദ്ധ്യാപകനെയാണ് കുട്ടികൾക്ക് നഷ്ടമായത്.

ആര്യനാട് നെടുമങ്ങാട് റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പമ്പിൽ നിന്നു പെട്രോൾ നിറച്ച് പുറത്തേക്ക് വന്ന സ്കൂട്ടറും റോഡിലൂടെ വരികയായിരുന്ന സത്യനേശന്റെ സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

സ്കൂട്ടറിൽ നിന്നു തെറിച്ച് റോഡിൽ വീണ സത്യനേശന്റെ ദേഹത്തുകൂടി ടിപ്പർ കയറുകയായിരുന്നു.