തിരുവനന്തപുരം: ദേശീയപാതയുടെ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള എട്ട് ഭാഗത്ത് നിന്നുമുള്ള വാഹനങ്ങളെത്തുന്ന ലോർഡ്സ് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ഒരു മാസത്തിൽ ചെറുതും വലുതുമായ 20 അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.
രാത്രികാലങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നത്. കൃത്യമായ ട്രാഫിക്ക് പരിഷ്‌കാരമില്ലെങ്കിൽ ഇനിയും അപകട സാദ്ധ്യത കൂടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡ് ക്രോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൈൻബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഇത്രയും ഇടറോഡുകൾ കൂടിച്ചേരുന്ന ഭാഗത്ത് ട്രാഫിക്ക് സിഗ്നൽ അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
എട്ട് ഭാഗത്ത് നിന്ന് വാഹനങ്ങൾ
ദേശീയപാത വഴി രണ്ട് വശത്തേക്ക് വാഹനങ്ങൾ പോകുന്നുണ്ട്. സർവീസ് റോഡുകളുടെ ഇരുവശങ്ങൾ വഴി വാഹനങ്ങൾ വരുന്നതുകാരണം രാവിലെയും വൈകിട്ടും ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാണ്. ട്രാഫിക്ക് പൊലീസ് ഒരു ഹോംഗാർഡിനെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. പരാതി ശക്തമായതോടെ പേട്ട സ്റ്റേഷനിലെ ഒരു പൊലീസുകാരനെ ഒരുമാസം മുമ്പ് ഇവിടെ നിയോഗിച്ചു. ഇതുകാരണം ഗതാഗതക്കുരുക്കിന് ശമനമുണ്ടായി.