തിരുവനന്തപുരം: തീരം കവർന്ന നടപ്പാതയിലേക്ക് അടിച്ചുകയറുന്ന തിരമാലകൾ,സന്ദർശകരുണ്ടെങ്കിലും കടൽ കണ്ട് നിൽക്കാൻ മാത്രമേ സ്വപ്‌നതീരമായ കോവളത്തെത്തുന്നവർക്ക് സാധിക്കുന്നുള്ളൂ.
ചിങ്ങം പിറന്നതോടെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അടുത്ത ടൂറിസം സീസണിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. സെപ്‌തംബർ അവസാനത്തോടെ വിദേശ സഞ്ചാരികൾ കൂട്ടത്തോടെ എത്തിത്തുടങ്ങും. ഇപ്പോൾ ബീച്ചിലാകെ കറുത്ത മണ്ണാണ്. കടൽ തന്നെ അതുമാറ്റി തൂവെള്ള മണൽ കൊണ്ടുവന്ന് വിരിക്കും. ശേഷം കൈയേറിയ തീരത്തുനിന്നും പിൻവാങ്ങിത്തുടങ്ങും. ഇപ്പോഴത്തെ രൗദ്രഭാവം മാറി കടൽ ശാന്തമാകും. അത് സീസണിനായുള്ള പ്രകൃതിയുടെ ഒരുക്കമാണ്.
അതേസമയം തീരത്തെ നടപ്പാത മിക്കയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. സീറോക്ക് ഹോട്ടലിന് മുന്നിലെ നടപ്പാതയും പൊലീസ് എയ്ഡ്പോസ്റ്റിന് സമീപത്തെ നടപ്പാതയുടെ അടിഭാഗവും തകർന്നു. വലിയ കോൺക്രീറ്റ് പാളികൾ ബീച്ചിൽ മറിഞ്ഞുകിടക്കുകയാണ്. ഇവിടത്തെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ സീസൺ തുടങ്ങുംമുമ്പ് തീർക്കാനാകില്ലെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
വിളക്കുമരങ്ങളിലെ ലൈറ്റുകൾ മിക്കതും പ്രകാശിക്കുന്നില്ല. രാത്രിയായാൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലേയും പ്രകാശം മാത്രമാണ് നടപ്പാതയിലൂടെ കടന്നുപോകുന്നവർക്ക് ആശ്രയം. മറ്റ് സംസ്ഥാനങ്ങളിലെ സഞ്ചാരികളാണ് ഇപ്പോൾ തീരം കാണാനെത്തുന്നവരിലധികവും. ആയുർവേദ ചികിത്സയ്ക്കെത്തിയ വിദേശികളുമുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ ആർക്കും തീരത്തിറങ്ങാൻ അനുവാദമില്ല. തീരത്തേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. ആരും അതിക്രമിച്ച് കടക്കാതിരിക്കാൻ ലൈഫ് ഗാർഡുകൾ നിരീക്ഷണം ശക്തമാക്കുന്നുണ്ട്.
' സ്വർണമെങ്ങാനും കിട്ടിയാലോ...'
രാവിലെ തിരയോടു ചേർന്ന് നടക്കുന്നവരിൽ ചിലരുടെ ലക്ഷ്യം സ്വർണമാണ് !. അവർ കാലുകൊണ്ട് മണ്ണിളക്കിയും സൂക്ഷ്‌മമായി നോക്കിയും നടക്കും. ചിലപ്പോൾ കുറേനേരം കാത്തിരിക്കും. ചിലർക്ക് ലോട്ടറി അടിക്കും പോലെ സ്വർണം കിട്ടും. കടലിൽ കുളിക്കുന്നവരുടേയും ഇറങ്ങി നിൽക്കുന്നവരുടേയുമൊക്കെ പാദസരം നഷ്ടപ്പെടാറുണ്ട്. ഇത് എപ്പോഴെങ്കിലും തിരയടിച്ച് തീരത്തണയും. അത് പ്രതീക്ഷിച്ചാണ് ചിലരെത്തുന്നത്.