തിരുവനന്തപുരം: കതിർക്കറ്റകളേന്തി കൃഷിപ്പാട്ടുകളുമായി മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ കർഷകദിനം ആഘോഷിച്ചു. മലയാളം പള്ളിക്കൂടത്തിന്റെ 11 -ാം പിറന്നാൾ കൂടിയായിരുന്നു ഇന്നലെ.

കാർഷിക സമൃദ്ധിയുടെ ഓർമ്മപുതുക്കി കുട്ടികൾക്ക് വീട്ടിൽ സൂക്ഷിക്കാൻ കതിർക്കറ്റ നൽകി. വട്ടപ്പറമ്പിൽ പീതാംബരൻ ഞാറ്റുപാട്ട് പാടിയപ്പോൾ കുട്ടികൾ കതിർക്കറ്റയുമായി ഏറ്റുപാടി. ഇടശേരിയുടെ പൂതപ്പാട്ട് കാവ്യയോഗയിലൂടെ കുട്ടികൾ അവതരിപ്പിച്ചു. വാട്ടിയ ഇലയിൽ പുന്നെല്ലരിയുടെ അവൽ കഴിച്ചായിരുന്നു ആഘോഷങ്ങൾ സമാപിച്ചത്. മലയാളം പള്ളിക്കൂടം നടക്കുന്ന തൈക്കാട് ഗവ.എൽ.പി.എസിലായിരുന്നു കർഷദിന പരിപാടികളും. അദ്ധ്യാപകരായ അർച്ചന പരമേശ്വരൻ,പ്രീത,ധന്യ എന്നിവരും പങ്കെടുത്തു.

2014 ചിങ്ങം ഒന്നിന് അടൂർ ഗോപാലകൃഷ്ണൻ തന്റെ സിനിമയിലുപയോഗിച്ച കല്ലു സ്ലേറ്റുകൾ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് പള്ളിക്കൂടത്തിന് തുടക്കം കുറിച്ചത്. ഒ.എൻ.വി ഭാഷാഗാനം എഴുതിക്കൊടുത്തു. 2016ൽ എം.ടി.വാസുദേവൻ നായർ പള്ളിക്കൂടത്തിലെ ബ്ലാക്ക് ബോർഡിൽ കുറിച്ച വാക്കുകൾ പിന്നീട് കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി സർക്കാർ അംഗീകരിച്ചു. ഞായറാഴ്ചകളിലാണ് അമ്മമലയാളത്തിന്റെ മധുരം കുട്ടികൾക്ക് പകർന്നുനൽകുന്ന മലയാളം പള്ളിക്കൂടത്തിന്റെ ക്ലാസുകൾ നടക്കുന്നത്.