k

തിരുവനന്തപുരം: അമ്പലത്തറ കളിപ്പാൻകുളം വാർഡിലെ കല്ലാട്ടുമുക്ക് കല്ലാട്ട് നഗർ കൊഞ്ചിറവിള സ്‌കൂളിലേക്കുള്ള യാത്ര പ്രദേശവാസികൾക്ക് തലവേദനയാകുന്നു. കല്ലാട്ടുമുക്ക് പള്ളി മുതൽ രജത ജൂബിലി സ്‌ക്വയർ വരെയുള്ള റോഡാണ് മാസങ്ങളായി തക‌ർന്നുകിടക്കുന്നത്.

കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമർ നിർമ്മിക്കാൻ റോഡ് കുഴിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കൊഞ്ചിറവിള സ്‌കൂളിലേക്കു പോകുന്ന കുട്ടികൾക്കും ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിലേക്ക് പോകുന്നവർക്കുമുള്ള എളുപ്പവഴിയാണിത്. ഇരുചക്ര വാഹനയാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നതും സ്ഥിരം സംഭവമാണ്.

മഴക്കാലമാകുമ്പോൾ റോഡിലെ യാത്രാദുരിതം ഇരട്ടിയാകും. കൊഞ്ചിറവിള സ്‌കൂൾ ജംഗ്ഷൻ വരെ അശാസ്ത്രീയമായി ഓട നിർമ്മിച്ചെന്നും ഇന്റർലോക്ക് പാകുന്നതിനായി റോഡിന്റെ ഇരുവശവും സ്ലാബുകൾ അടുക്കിവച്ച് യാത്ര ദുരിതത്തിലാക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. ജനപ്രതിനിധികൾക്കും നഗരസഭ സെക്രട്ടറിക്കും ഉൾപ്പെടെ അസോസിയേഷൻ പരാതി നൽകിയിട്ടും യാതൊരു ഫലവുമില്ല.

അടിയന്തരമായി കല്ലാട്ട് നഗറിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി റോഡ് കോൺക്രീറ്റ് ചെയ്യണമെന്നും അശാസ്ത്രീയമായ ഓട നവീകരണം നിറുത്തിവയ്ക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഇ.എ. നുജൂം സെക്രട്ടറി എ. ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.