തിരുവനന്തപുരം: യൂറോപ്പിലെ ഏറ്റവും നീളം കൂടിയ വോൾഗ നദിയുടെ സൗന്ദര്യവും വിശാലതയും വിർച്വൽ റിയാലിറ്റിയിലൂടെ ആസ്വദിച്ചപ്പോൾ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് അദ്ഭുതമായി. അതിമനോഹരമായ ഈ അനുഭവം എല്ലാവരും കണ്ടറിയണമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയും തിരുവനന്തപുരത്തെ റഷ്യയുടെ ഓണററി കോൺസുലേറ്റും സംയുക്തമായി പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും റഷ്യയുടെ പ്രകൃതി മഹത്വത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ടൂറിംഗ് വെർച്വൽ റിയാലിറ്റി ഷോയുടെ ഫ്ലാഗ് ഓഫിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരിസ്ഥിതി സംരക്ഷണം പുതിയ തലമുറയുടെ ആവശ്യമാണെന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. എഴുത്തുകാരൻ സക്കറിയ, യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പ്രതിനിധി മുഹമ്മദ് അൽഷാംസി,റഷ്യയുടെ ഓണററി കോൺസൽ രതീഷ് സി.നായർ എന്നിവർ പങ്കെടുത്തു.

റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ 180-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മൊബൈൽ വി.ആർ ഷോ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം ജില്ലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ പ്രദർശനം അവതരിപ്പിക്കും.