ഉള്ളൂർ: ജനറൽ ആശുപത്രിക്ക് മുന്നിലെ റോഡിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരിൽ ഒരാൾ മരിച്ചു. ജനറൽ ആശുപത്രിക്ക് മുന്നിലെ സ്‌റ്റാൻഡിൽ ഓട്ടോഡ്രൈവറായ ചുള്ളിമാനൂർ വഞ്ചുവം പുത്തൻകരിക്കകം വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (42) ഇന്നലെ വൈകിട്ട് മരിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ 10ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷാഫിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. തലയിലെ പരിക്ക് ഗുരുതരമായതിനാൽ ന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് മൾട്ടി സ്‌പെഷ്യാലിറ്റി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്നു ഷാഫി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെ നില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണമ്മൂല സ്വദേശി സുരേന്ദ്രനെ കഴിഞ്ഞദിവസം വീണ്ടും ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. മുട്ടത്തറ സ്വദേശി ശിവപ്രിയയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊല്ലം ശാസ്‌താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കൽ എസ്‌.പി ഫോർട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിംഗ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയനെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മൂവരും മെഡിക്കൽകോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അമ്മാവൻ അനന്തരവനെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ബ്രേക്കിന് പകരം ആക്‌സിലറേറ്ററിൽ കാലമർത്തിയതായിരുന്നു അപകടത്തിന് ഇടയാക്കിയത്. KL- 43 B 6638 ഷെവർലെ ബീറ്റ് കാറാണ് അപകടമുണ്ടാക്കിയത്. വട്ടിയൂർക്കാവ് വലിയവിള കവിതഭവനിൽ എ.കെ വിഷ്ണുനാഥാണ് കാർ ഓടിച്ചിരുന്നത്. അമ്മാവൻ വിജയനാണ് ഡ്രൈവിംഗ് പരിശീലനം നൽകിയത്.