നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ ഭരണസമിതിയംഗവും ആദ്യ ടേമിൽ രണ്ടരവർഷം വൈസ് പ്രസിഡന്റുമായിരുന്ന കെ‍ാല്ലങ്കാവ് അനിൽകുമാറിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദത്തിലായി. സി.പി.എമ്മുകാരായ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ പാർട്ടി നേതാവും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ അനിൽ നടത്തിയ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പഞ്ചായത്തിലെ മുൻ താത്കാലിക ജീവനക്കാരനുമായി നടത്തുന്ന ഫോൺ സംഭാഷണമാണ് ചോർന്നത്. 'അവന്റെയും അവളുടെയും ഭരണം തന്നെ" എന്നാണ് സംഭാഷണത്തിൽ പരിഹസിക്കുന്നത്.ഒരു ബഹുനില മന്ദിരത്തിന് അനധികൃതമായി കെട്ടിട നമ്പർ നൽകിയതിന് 30 ലക്ഷം ഉണ്ടാക്കിയെന്നും സംഭാഷണത്തിൽ പറയുന്നു. സംഭവത്തിൽ ഭരണകക്ഷിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ,അങ്ങനെയൊരു സംഭാഷണം നടത്തിയതായി തനിക്ക് ഓർമ്മയില്ലെന്നും ഇപ്പോൾ പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം തന്റെതല്ലെന്നും കൊല്ലങ്കാവ് അനിൽകുമാർ പറഞ്ഞു.