കുളത്തൂർ: വാഹനാപകടത്തിൽ വാദിയെ പ്രതിയാക്കി പൊലീസ് കേസെടുത്തെന്ന് ആക്ഷേപം. കഴക്കൂട്ടം സൈബർ സിറ്റി പരിധിയിലുള്ള തുമ്പ സ്റ്റേഷനിലാണ് സംഭവം. ട്രാഫിക് നിയമലംഘനം നടത്തിയവർക്കെതിരേ കേസെടുക്കാതെ നിയമം പാലിച്ചെത്തിയവർക്കെതിരേ കേസെടുത്തെന്നാണ് പരാതി.

ഇക്കഴിഞ്ഞ 4ന് മൺവിള ജംഗഷന് സമീപം മുരുകൻ കോവിലിന് മുന്നിലെ റോഡിലെ കയറ്റത്തിലാണ് സംഭവം. കയറ്റംകയറിവന്ന കാർ ഇടത്തോട്ട് തിരിഞ്ഞതിനെ തുടർന്ന് പിന്നാലെയെത്തിയ ബൈക്ക് കാറിനെ ഇടിക്കാതിരിക്കാൻ വലത്തോട്ട് വെട്ടിക്കുകയും താഴേക്ക് വന്ന രണ്ട് ബൈക്കുകളിൽ ഇടിക്കുകയുമായിരുന്നു. ഇതിൽ വലതുവശത്ത് കൂടി ഇറക്കമിറങ്ങിവന്ന ബൈക്ക് യാത്രക്കാർക്കെതിരേയാണ് കേസെടുത്തത്.

ബൈക്ക് കൊണ്ടിടിച്ചയാൾക്ക് പരിക്കേറ്റതിന്റെ അടിസ്ഥാനത്തിലാണ് വാദിയെ പ്രതിയാക്കിയത്.

യഥാർത്ഥ സംഭവം പൊലീസിനോട് പലതവണ പറഞ്ഞിട്ടും പ്രയോജനമില്ലാതായതോടെ പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ യുവാക്കൾ ഹാജരാക്കിയെങ്കിലും എഫ്.ഐ.ആറിലെ തെറ്റ് തിരുത്താൻ പൊലീസ് തയ്യാറായിട്ടില്ല.