തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്‌തതായി സൈബർ പൊലീസിന് പരാതി. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷിന്റെ പരാതിയിൽ സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജൂൺ 13ന് മുമ്പാണ് സംഭവം നടന്നതെന്നും കമ്പ്യൂട്ടർ പ്രോഗ്രാമുകളിലേക്ക് അധികൃതർക്ക് കയറാനാവാത്ത വിധത്തിൽ മാറ്റം വരുത്തിയെന്നും പരാതിയിൽ പറയുന്നു. ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം പ്രവർത്തന രഹിതമാക്കണമെന്നുള്ള ഉദ്ദേശത്തോടെ പ്രധാന സെർവർ സിസ്റ്റത്തിലാണ് നുഴഞ്ഞുകയറ്റം നടത്തിയത്. കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡാ​റ്റകൾക്കും മാ​റ്റം വരുത്തി.

എന്നാൽ ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ ക്ഷേത്രത്തിലുള്ളവർ തന്നെ നേരിട്ട് ചെയ്‌തതാണോയെന്ന് വ്യക്തമല്ലെന്നും അന്വേഷിച്ചാലേ ഇക്കാര്യം ബോദ്ധ്യമാകൂയെന്നും പൊലീസ് അറിയിച്ചു. എന്തൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്നും പ്രോഗ്രാമുകളിൽ എന്തെല്ലാം മാ​റ്റങ്ങളാണ് വരുത്തിയതെന്നും കണ്ടെത്താനായിട്ടില്ല.

സാമ്പത്തിക തട്ടിപ്പാണോ മ​റ്റെന്തെങ്കിലും കു​റ്റകൃത്യങ്ങൾക്കാണോ വിവരങ്ങൾ ചോർത്തിയതെന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിലെ ഒരു താത്കാലിക ജീവനക്കാരനാണ് ഇതിനുപിന്നിലെന്നാണ് സംശയം. ഇയാളുടെ പ്രവർത്തനത്തിൽ സംശയം തോന്നി മാസങ്ങൾക്ക് മുമ്പ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് മാ​റ്റിയിരുന്നു. കമ്പ്യൂട്ടർ വിഭാഗത്തിൽ നിന്ന് മാ​റ്റിയ ശേഷവും ഈ ജീവനക്കാരൻ ക്ഷേത്രത്തിന്റെ കമ്പ്യൂട്ടർ നെ​റ്റ്‌വർക്കിലേക്ക് സ്ഥിരമായി കയറുകയും ഉന്നത ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്‌തിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.

പല ഉദ്യോഗസ്ഥർക്കും നെ​റ്റ്‌വർക്കിലേക്കുള്ള പ്രവേശനവും തടസപ്പെടുത്തി. ഇതോടെ വിഗ്ദ്ധനെ വരുത്തി ക്ഷേത്രം അധികൃതർ പരിശോധന നടത്തിയപ്പോഴാണ് ഹാക്കിംഗ് വിവരമറിയുന്നത്.