gr-anil

തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നൽകേണ്ട വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. 2017-18 മുതൽ കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് നേരിടേണ്ടി വരുന്നത്. പൂർണമായും സംസ്ഥാന സർക്കാരാണ് പണം നൽകുന്നത്. ഓണത്തിന് മുൻപ് കേന്ദ്ര വിഹിതം നൽകണം.

2017-18 സാമ്പത്തിക വർഷം മുതൽ 1259 കോടി കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ട്. 2024-25 സംഭരണ വർഷത്തിൽ എം.എസ്.പി ഇനത്തിൽ ലഭിക്കേണ്ടത് 1342 കോടി. ആകെ ലഭിക്കേണ്ടത് 2601 കോടി. കർഷകരെ സഹായിക്കാനായി അധികമായി ഒരു പ്രോത്സാഹന ബോണസ് കൂടി സംസ്ഥാന സർക്കാർ നിശ്ചയിച്ച് നൽകുന്നു. 2024-25ലെ ഒന്നാം വിളയിൽ 57,529 കർഷകരിൽ നിന്നായി 1.45 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായ 412.4 കോടി വിതരണം ചെയ്തു.

രണ്ടാം വിളയിൽ 1,49,615 കർഷകരിൽ നിന്നായി 4.35 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിൽ 1232 കോടിയിൽ 873 കോടി നൽകി. ഈ സംഭരണ വർഷം വിതരണം ചെയ്യേണ്ട 1645 കോടിയിൽ 1285 കോടി നൽകി. ശേഷിക്കുന്ന 359.36 കോടി ഓണത്തിന് മുൻപ് വിതരണം ചെയ്യും.