തിരുവനന്തപുരം: വെള്ളയമ്പലം,വഴുതക്കാട് മേഖലയിൽ കുടിവെള്ള മുടക്കം പതിവാകുന്നതായി പരാതി. ആൽത്തറ,ഉദാരശിരോമണി റോഡ്,ശിശുവിഹാർ,എൻ.സി.സി റോഡ്,കോട്ടൺഹിൽ,ആകാശവാണി റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അർദ്ധരാത്രിയിലും പുലർച്ചെയുമായി കുറച്ചുസമയത്ത് മാത്രമാണ് വെള്ളം കിട്ടിയതെന്ന് നാട്ടുകാർ പറയുന്നു. വെള്ളം കിട്ടിയാലും രണ്ടാം നിലയ്ക്ക് മുകളിലേക്കോ ഉയർന്ന പ്രദേശങ്ങളിലേക്കോ കയറുന്നില്ല. ഇക്കാര്യം വാട്ടർ അതോറിട്ടിയെ അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

മുമ്പും അടിക്കടി കുടിവെള്ളം മുടങ്ങുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള പ്രധാന പൈപ്പ് ലൈൻ മാറ്റുകയും പുതിയ ഇന്റർകണക്ഷൻ നൽകി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും പഴയതുപോലെയായി.

ചോർച്ചയും വാൽവ് തകരാറും

വെള്ളയമ്പലം ജംഗ്ഷന് സമീപത്ത് 700 എം.എം പ്രിമോ പൈപ്പ്ലൈനിലുണ്ടായ ചോർച്ചയും വഴുതക്കാട് ഭാഗത്തെ വാൽവിലുണ്ടായ തകരാറുമാണ് പ്രശ്‌നമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. പ്രശ്നം രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ കൃഷ്ണകുമാർ ഉറപ്പുനൽകി. പ്രതിഷേധവുമായെത്തിയ ബി.ജെ.പി നേതാക്കൾ അടക്കമുള്ളവരെയാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി സെൻട്രൽ അസംബ്ലി മണ്ഡലം സെക്രട്ടറി സുരേഷ് ബാബു,ജഗതി ഏരിയ പ്രസിഡന്റ് ശിവകുമാർ,സതീഷ് ബാബു,സന്ധ്യപ്രഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇന്നും നാളെയും ജലവിതരണം മുടങ്ങും

വെള്ളയമ്പലം ജംഗ്ഷന് സമീപത്ത് 700 എം.എം പ്രിമോ പൈപ്പ്‌ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിന് ഇന്ന് വൈകിട്ട് 7 മുതൽ നാളെ രാത്രി 10 വരെ കുടിവെള്ള വിതരണം നിറുത്തിവയ്ക്കും. ശാസ്തമംഗലം, പൈപ്പിന്മൂട്,വെള്ളയമ്പലം,വഴുതക്കാട്,തൈക്കാട്,മേട്ടുക്കട,വലിയശാല,കൊച്ചാർ റോഡ്,ജഗതി എന്നീ സ്ഥലങ്ങളിൽ പൂർണമായും ജവഹർ നഗർ,​നന്തൻകോട്,കുന്നുകുഴി,വഞ്ചിയൂർ വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസപ്പെടും.