തിരുവനന്തപുരം: സ്‌പെൻസർ ജംഗ്ഷനിൽ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. സ്ട്രീറ്റ് ലൈറ്റ് ഒടിഞ്ഞുവീണു. അപകടത്തിൽ ബസ് ഡ്രൈവർ രതീഷിനും രണ്ട് യാത്രക്കാർക്കും നിസാര പരിക്കേറ്രു. പാളയം സ്‌പെൻസർ ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റാച്യുവിൽ നിന്ന് പാളയത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലും പിന്നീട് സ്ട്രീറ്റ് ലൈറ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂണ് ഒടിഞ്ഞ് റോഡിന്റെ ഇടതുവശത്തേക്ക് വീണു. സംഭവം കണ്ട് മറ്റ് വാഹനങ്ങൾ നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതക്കുരുക്കുണ്ടാക്കി. തുടർന്ന് ട്രാഫിക് പൊലീസെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് സ്ഥലത്തുനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ബസ് ഡ്രൈവർക്ക് രക്തസമ്മർദ്ദം കൂടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.