തിരുവനന്തപുരം: ഫുട്പാത്തിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഓട്ടോഡ്രൈവർ മുഹമ്മദ് ഷാഫിക്ക്, കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയുമായി സുഹൃത്തുക്കൾ. ഇന്നലെ രാവിലെ 11ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്‌റ്റാൻഡിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ജനപ്രതിനിധികളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. അപ്രതീക്ഷിത അപകടത്തിൽ കൺമുന്നിൽ പിടഞ്ഞുവീണ സുഹൃത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വേദനയിലായിരുന്നു ഡ്രൈവർമാർ. ചുള്ളിമാനൂർ വഞ്ചുവം പുത്തൻകരിക്കകം വീട്ടിൽ മുഹമ്മദ് ഷാഫി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.

മന്ത്രി വി.ശിവൻകുട്ടി,വി.കെ.പ്രശാന്ത് എം.എൽ.എ,സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു എന്നിവർ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ജനറൽ ആശുപത്രിക്ക് മുന്നിലെ റോഡിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയായിരുന്നു അപകടം.