p

തിരുവനന്തപുരം: സി.പി.എം പി.ബിക്ക് ചെന്നൈ വ്യവസായി ഷർഷാദ് നൽകിയ പരാതി ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ ഷർഷാദിന് കൊച്ചിയിലെ അഭിഭാഷകൻ എം.രാജഗോപാലൻ നായർ മുഖേന വക്കീൽ നോട്ടീസയച്ചു

ഗോവിന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം പിൻവലിക്കണമെന്നും ,അല്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു. ഷർഷാദിന്റെ നടപടി എം.വി.ഗോവിന്ദന്റെ പ്രതിച്ഛായയെയും രാഷ്ട്രീയ വിശ്വാസ്യതയെയും ബാധിച്ചെന്നും വ്യക്തമാക്കുന്നു. മകൻ വഴി രഹസ്യ രേഖ ചോർത്തിയെന്ന തരത്തിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും, ഇത് അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമെണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

'മാസങ്ങൾക്ക് മുമ്പ് പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ പരാതി എം.വി ഗോവിന്ദന്റെ മകൻ വഴിയാണ് ചോർന്നതെന്നാണ് അച്ചടി , ദൃശ്യമാദ്ധ്യമങ്ങൾ താങ്കളെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്. താങ്കൾക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ പ്രാവാസി വ്യവസായി രാജേഷ് കൃഷ്ണയുമായി ബന്ധമുള്ളതു കൊണ്ടാണ് എം.വി ഗോവിന്ദന്റെ മകൻ വഴി പരാതി ചോർത്തിയെന്ന് താങ്കൾ ആരോപിച്ചിട്ടുള്ളത്. എന്നാൽ താങ്കളുടെ പരാതി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ച ദിവസം മുതൽ അത് സമൂഹമാദ്ധ്യമങ്ങളിൽ ലഭ്യമാണ്. .ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് 2024 മേയ് 17 ന് താങ്കൾ സി.പി.എമ്മിന് കത്ത് നൽകിയിട്ടുമുണ്ട്. പിന്നീടും അത്തരം കാര്യങ്ങൾ ആവർത്തിക്കുകയാണ്.അഞ്ച് പതിറ്റാണ്ടായി സി.പി.എമ്മിൽ ഉയർന്ന പ്രതിച്ഛായയുള്ള വ്യക്തിയാണ് ഗോവിന്ദൻ. ഷർഷാദിന്റെ ആരോപണങ്ങൾ അതിന് മങ്ങലേൽപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആക്ഷേപങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ച് അതത് പ്ളാറ്റ്ഫോമുകളിൽ മാപ്പ് പ്രസിദ്ധീകരിക്കണം', -നോട്ടീസിൽ ആവശ്യപ്പെടുന്നു.

തനിക്ക് അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് ഷർഷാദിന്റെ പരാതിയും ഉൾപ്പെടുത്തിയിരുന്നത്.