ആറ്റിങ്ങൽ: ഓണക്കാലത്ത് ആറ്റിങ്ങൽ പട്ടണത്തിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ വാഹനഗതാഗതം സുഗമമാക്കുന്നതുൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തം. വാഹനങ്ങളുടെ പാർക്കിംഗ്, റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ലൈനുകൾ, സിഗ്നൽ ലൈറ്റുകൾ,റോഡിലെ കുഴികൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ വരുംദിവസങ്ങളിൽ പരിഹരിക്കണമെന്നാണ് ആവശ്യം. ഇതിനെല്ലാം പുറമേ സ്വകാര്യ ബസ് സ്റ്റാൻഡുകളിലെ അക്രമ സംഭവങ്ങൾ, പൊലീസ് എയിഡ് പോസ്റ്റ്,സുരക്ഷ ക്യാമറകളുടെ നിരീക്ഷണം അങ്ങനെ നീളുന്നു മറ്റ് ആവശ്യങ്ങൾ.

 എൽ.എം.എസ് ജംഗ്ഷൻ മുതൽ മൂന്നുമുക്ക് വരെയുള്ള ദേശീയപാത നാലുവരിയാക്കിയെങ്കിലും ഓട്ടോ, ടാക്സി,ബസ് ബേ തുടങ്ങിയവ കണ്ടെത്തിയിട്ടില്ല.

 പ്രധാന ജംഗ്ഷൻ അടക്കം അനേകം സ്ഥലങ്ങളിൽ വലുതും ചെറുതുമായ കുഴികളുണ്ട്.

കിഴക്കേ നാലുമുക്കിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തനസജ്ജമല്ല.

 റോഡ് മുറിച്ചുകടക്കാൻ ഒരിടത്തും സീബ്രാ ലൈനുകളില്ല.

ഡിവൈഡറുകളിൽ അപകടസൂചനകൾ നൽകുന്ന റിഫ്ലക്ടറുമില്ല.

 യാത്ര പാടുപെടും

പട്ടണത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ട യാതൊരു ക്രമീകരണങ്ങളും നിലവിലില്ല. ഓണത്തിരക്കായതോടെ വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും. വഴിവാണിഭം കൂടി തുടങ്ങുന്നതോടെ യാത്രക്കാർക്ക് ലക്ഷ്യത്തിലെത്താൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടിവരും.

 എയ്ഡ് പോസ്റ്റ് അനിവാര്യം

വിദ്യാർത്ഥികൾ നിത്യവും ഏറ്റുമുട്ടുന്ന ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിന് വേണ്ട സൗകര്യങ്ങൾ നഗരസഭ ഇനിയും ഒരുക്കിയിട്ടില്ല. സംഘട്ടനങ്ങൾ തുടർക്കഥയാകുമ്പോൾ ബുദ്ധിമുട്ടുന്നത് സ്റ്റാൻഡിൽ നിൽക്കുന്ന സ്ത്രീകളും വിദ്യാർത്ഥികളുമാണ്. സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിലെ സിസി.ടിവി ക്യാമറകൾ പ്രവർത്തിപ്പിക്കാനും നിരീക്ഷിക്കാനും അടിയന്തര നടപടി വേണമെന്ന ആവശ്യവുമുണ്ട്.