തിരുവനന്തപുരം: എല്ലാക്കാലത്തും ഇന്ത്യക്കാരനെന്ന പേര് നിലനിറുത്തിയ ഡോ.എം.അനിരുദ്ധൻ തനിക്ക് സഹോദര തുല്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവും ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ.എം.അനിരുദ്ധൻ അനുസ്മരണയോഗം മാസ്കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തോട് അവസാനകാലംവരെ പ്രതിബദ്ധത പുലർത്തിയ അദ്ദേഹം സർക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. ജീവിതാവസാനംവരെ ഇന്ത്യൻ പാസ്പോർട്ട് കൈയിൽ കരുതി. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം ഞാനും അനിരുദ്ധനെ കാണാൻ ചിക്കാഗോയിലെത്തി. അടുത്തകാലംവരെയും ആ സന്ദർശനം തുടർന്നു. ആതിഥ്യമര്യാദ മുഖമുദ്രയാക്കി. എന്റെ അമേരിക്കൻ സന്ദർശനത്തിന്റെ യാത്രാവിവരങ്ങൾ ചോർത്തിയെടുക്കാൻ ചിലർ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും വ്യക്തിവിവരങ്ങൾ അദ്ദേഹം മനസിൽ മാത്രം സൂക്ഷിച്ച് എന്നോട് വിശ്വാസ്യത പുലർത്തി. തനിക്ക് വ്യക്തിപരമായ നഷ്ടമാണുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡോ.എം.അനിരുദ്ധന്റെ ജീവിതത്തെയും പ്രവർത്തനമേഖലയെയും ആസ്പദമാക്കിയ ഹ്രസ്വവീഡിയോ പ്രദർശിപ്പിച്ചു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. നോർക്ക വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ,നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ,നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി, മുൻ മന്ത്രിമാരായ എം.എം.ഹസൻ,കെ.സി.ജോസഫ്,നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശേരി,എസെൻ നൂട്രീഷ്യൻ കോർപ്പറേഷൻ സി.ഇ.ഒയും ഡോ.എം.അനിരുദ്ധന്റെ മകനുമായ അരുൺ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന് വലിയ നഷ്ടം:യൂസഫലി
എത്തിപ്പെട്ട സ്ഥലങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു ഡോ.എം.അനിരുദ്ധനെന്ന് എം.എ.യൂസഫലി പറഞ്ഞു. ഫൊക്കാനയുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചു. ലോക കേരളസഭയുടെ പ്രവർത്തനങ്ങളിലൂടെ ജന്മനാടിനോടുള്ള സ്നേഹം പുലർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.