കിളിമാനൂർ: സ്വകാര്യ ചാനലിന്റെ പ്രാദേശിക ലേഖകനെ സി.പി.എം അംഗങ്ങൾ മർദ്ദിച്ചതായി പരാതി.ഇത് സംബന്ധിച്ച് ലേഖകൻ നൽകിയ പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്തു. കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. 24 ചാനലിന്റെ കിളിമാനൂർ പ്രാദേശിക ലേഖകൻ മണിക്കുട്ടനാണ് മർദ്ദനമേറ്റത്. സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും നടന്നിരുന്നു. ഇതു സംബന്ധിച്ച് കിളിമാനൂർ പൊലീസിൽ പരാതികൾ നൽകിയിരുന്നു. തുടർന്ന് രാത്രിയോടെ ഇരുവിഭാഗവും പൊലീസ് സ്റ്റേഷനു മുന്നിലെത്തി. ഇത് വാർത്ത ചെയ്യാൻ എത്തിയപ്പോഴായിരുന്നു മാദ്ധ്യമപ്രവർത്തകന് മർദ്ദനമേറ്റത്. വീഡിയോ എടുക്കവേ മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു.