bus

ആറ്റിങ്ങൽ: യാത്രക്കിടെ കെ.യു.ആർ.ടി.സി ബസിൽ തീയും പുകയും കണ്ടത് യാത്രക്കാരെ പരിഭ്രാന്തരാക്കി. പരിസരവാസികളുടെ അടിയന്തര ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. തീയും പുകയും കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്ത് നിറുത്തിയ ശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. എന്നാൽ യാത്രക്കാരുടെ ബാഗുകളിലേക്ക് തീ പടർന്നു. തീയും പുകയും കണ്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിലുള്ള ഫയർ എസ്റ്റിംഗ്യൂഷർ എത്തിച്ച് ജീവനക്കാർ തന്നെ തീ കെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.യു.ആർ.ടി.സിയുടെ ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയരുന്നത് കണ്ടത്. ബസിലെ ചാർജിംഗ് സോക്കറ്റിന് സമീപത്തു നിന്നാണ് തീയും പുകയും ഉയർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നു. സ്വകാര്യ സ്ഥപാനത്തിലെ ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.