തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് നാല് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. മറുവഴിയിലൂടെ ഓഫീസിലേക്ക് കടക്കാനുള്ള പ്രവർത്തകരുടെ നീക്കത്തെത്തുടർന്ന് നിയമസഭ പരിസരം ഒരു മണിക്കൂറോളം സംഘർഷത്തിൽ മുങ്ങി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ നിയമസഭ കോമ്പൗണ്ടിലുള്ള മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് പ്രകടനമായെത്തിയത്. നിയമസഭാ മാർച്ചുകൾ തടയുന്ന ഭാഗത്ത് ബാരിക്കേഡുയർത്തി പൊലീസ് പ്രതിരോധിച്ചു.
ഇതോടെ പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിലേക്ക് പാഞ്ഞുകയറി.ചിലർ ബാരിക്കേഡിന് മുകളിൽ നിലയുറപ്പിച്ചു.ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പലവട്ടം വെള്ളം ചീറ്റിയെങ്കിലും പ്രവർത്തകർ പിന്മാറിയില്ല.
പൊടുന്നനെ പ്രവർത്തകർ എൽ.എം.എസ് റോഡ് വഴി പി.എം.ജി ജംഗ്ഷനിലൂടെ നിയമസഭയുടെ മറുഭാഗത്തെ പ്രവേശനകവാടത്തിലേക്ക് കടക്കാൻ ശ്രമിച്ചു. സുരക്ഷിതമേഖലയായ ഇവിടെ സമരങ്ങൾ അനുവദിക്കാറില്ല. എന്നാൽ ഇവിടേക്കുള്ള പ്രവർത്തകരുടെ നീക്കം പൊലീസിനെയും അമ്പരപ്പിച്ചു. പ്രവർത്തകർ ഇവിടേക്ക് എത്താൻ സാദ്ധ്യതയില്ലാത്തതിനാൽ പൊലീസ് സുരക്ഷയല്ലാതെ ബാരിക്കേഡ് സ്ഥാപിച്ചിരുന്നില്ല. മറുഭാഗത്തെ ബാരിക്കേഡിന് പിന്നിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയാണ് പ്രവർത്തകരെ തടഞ്ഞത്. പൊലീസ് വാഹനം കുറുകെയിട്ട് മുന്നോട്ടുള്ള നീക്കത്തെ പൊലീസ് പ്രതിരോധിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പൊലീസിന്റെ ഷീൽഡ് വലിച്ചുമാറ്റി മുന്നോട്ട് പോകാനാഞ്ഞ പ്രവർത്തകരിൽ ചിലർ ഷീൽഡ് വലിച്ചെറിഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ ഏറെനേരത്തിന് ശേഷമാണ് പിരിഞ്ഞുപോയത്.
ഭരണഘടനാ ആശയങ്ങളെല്ലാം ബി.ജെ.പി സർക്കാർ അട്ടിമറിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ജില്ലാപ്രസിഡന്റ് നേമം ഷജീർ,സംസ്ഥാന സെക്രട്ടറിമാരായ സജിത് മുട്ടപ്പാലം,റിഷി.എസ്.കൃഷ്ണൻ,ആർ.എസ്.വിപിൻ,അമി തിലക്,ഗിരികൃഷ്ണൻ,കെ.എച്ച്.ഫെബിൻ,ഫൈസൽ നന്നാട്ടുക്കാവ്,അനീഷ് ചെമ്പഴന്തി,നീതു വിജയൻ,അഫ്സൽ ബാലരാമപുരം തുടങ്ങിയവർ നേതൃത്വം നൽകി.