photo

പാലോട്: ഇടിഞ്ഞാർ മങ്കയം വെങ്കിട്ടമൂട്ടിൽ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ പുലിയിറങ്ങിയ പ്രദേശം ഡി.കെ.മുരളി എം.എൽ.എ സന്ദർശിച്ചു.പ്രദേശവാസികൾ വന്യമൃഗശല്യത്തെക്കുറിച്ച് എം.എൽ.എയോട് വിശദീകരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കി.ഞായറാഴ്ച വൈകിട്ട് 3 ഓടെ ജനവാസ മേഖലയിലെത്തിയ പുലി വെങ്കിട്ടമൂട് ബ്ലോക്ക് നമ്പർ 22ൽ ജയന്റെ പോത്തിനെ കടിച്ചുകൊന്നിരുന്നു.പോത്തിന്റെ കഴുത്തിൽ പുലി കടിച്ച പാടുകളുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ജയന്റെ വീട്ടിലെ ഏഴ് പോത്തുകളെ മേയാൻ വിട്ടിരുന്നു. എന്തോ കണ്ട് ഭയന്ന് ആറ് പോത്തുകൾ ഓടി വീട്ടിലെത്തിയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പുലിയെ കണ്ടത്. തുടർന്നുള്ള പരിശോധനയിൽ പോത്തിനെ ചത്ത നിലയിൽ കാണുകയായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.ബ്രൈമൂർ,മങ്കയം എക്കോ ടൂറിസം മേഖലയ്ക്ക് സമീപത്താണ് വെങ്കിട്ടമൂട്.