തിരുവനന്തപുരം: തങ്ങളുടെ പക്കലുള്ള വയർലെസ് സെറ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് ട്രാഫിക്ക് പൊലീസിന് കർശന നിർദ്ദേശം.ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്ന് ട്രാഫിക്ക് പൊലീസിന്റെ വയർലെസ് സെറ്റ് കാണാതായ സംഭവത്തെ തുടർന്നാണ് ഡി.സി.പിയുടെ നിർദ്ദേശം.പട്ടം ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ നാജിബ് ബഷീർ,എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരെ കഴിഞ്ഞദിവസം വയർലെസ് മോഷണം പോയ സംഭവത്തിൽ സസ്പെൻഡ് ചെയ്തിരുന്നു.ഇവരിൽ നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. അതേസമയം, വയർലെസ് അടങ്ങിയ ബാഗ് മാറിപ്പോയതാണെന്നും മോഷണം നടന്നിട്ടില്ലെന്നും വഞ്ചിയൂർ പൊലീസ് അറിയിച്ചു.തങ്ങളുടെ ബാഗാണെന്ന് കരുതിയാണ് സമീപത്തെ തൊഴിലാളികൾ അതെടുത്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ഈഞ്ചയ്ക്കലിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ വയർലെസ് സെറ്റ് അടങ്ങിയ ബാഗ് തൊട്ടടുത്ത കടയിൽ ഏല്പിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ ബാഗ് കാണാത്തതിനെ തുടർന്ന് വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. സംഭവം മോഷണം ആണെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിൽ ബാഗ് മാറിപ്പോയതാണെന്ന് കണ്ടെത്തുകയായിരുന്നു.