പാങ്ങോട്: അനധികൃത പന്നിഫാമുകളിലെ മാലിന്യം നീർച്ചാലുകളിലേക്ക് ഒഴുക്കിവിടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു. പഞ്ചായത്തിലെ വെള്ളയംദേശം വാർഡിൽ പ്രവർത്തിക്കുന്ന അനധികൃത പന്നി ഫാമിൽ നിന്നാണ് മണ്ണുമാന്തിയന്ത്രം പിടികൂടിയത്. പഞ്ചായത്ത് അധികൃതർ പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങൾ ആർ.ഡി.ഒയ്ക്ക് കൈമാറാൻ നടപടിച്ചു സ്വീകരിച്ചു.
അനധികൃതമായി മണ്ണിടിച്ചുമാറ്റുന്നതിനും കേസെടുത്തു. അനധികൃത പന്നിഫാമിൽ മാലിന്യ സംഭരത്തിനെതിരെ പ്രദേശത്ത് ജനകീയ സമരം നടക്കുകയാണ്. പന്നി ഫാമിനു സമീപത്തായി പ്ലാസ്റ്റിക് മാലിന്യം അടക്കം നിക്ഷേപിച്ചിട്ടുള്ള വലിയ 3 കുഴികൾ നികത്തുകായണെന്ന് നാട്ടുകാർ പരാതിപ്പെട്ടതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി, പാങ്ങോട് വില്ലേജ് ഓഫീസർ,പാങ്ങോട് പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
വിഷയത്തിൽ ഫാം ഉടമയ്ക്കെതിരെ നെടുമങ്ങാട് കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.