തിരുവനന്തപുരം: മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.പി. ഉദയകുമാറിനെ വയനാട് തുന്നേരി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് സെക്രട്ടറിയെ സ്ഥലംമാറ്റിയത്. എന്നാൽ, കമ്മീഷൻ സെക്രട്ടറിക്ക് ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ നിർദ്ദേശം നൽകാൻ അധികാരമില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, അഡ്മിനിസ്ട്രേറ്റീവ് അംഗം ഡോ. പ്രദീപ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ രാജിക്കത്ത് നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സ്ഥലംമാറ്റത്തിന് കാരണമായത്. തുടർന്ന്, സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ നിർദ്ദേശിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണൽ സ്ഥലംമാറ്റം റദ്ദാക്കിയത്.
സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയ ട്രൈബ്യൂണൽ, ജി.പി. ഉദയകുമാറിനെ എത്രയും വേഗം തിരികെ മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി നിയമിക്കണമെന്നും ഉത്തരവിട്ടു. രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഹർജിക്കാരന് വേണ്ടി അഡ്വ.എം. ഫത്തഹുദ്ദീൻ ഹാജരായി.