m

വെഞ്ഞാറമൂട്: നേമത്തുനിന്ന് ഭക്തരുമായി ശബരിമലയ്ക്ക് പോയി മടങ്ങിയ വാഹനത്തിൽ തീ പിടിച്ചു. ആളപായമില്ല. മഹീന്ദ്രയുടെ ടൂറിസ്റ്റ് വാഹനത്തിനാണ് തീ പിടിച്ചത്. വെഞ്ഞാറമൂട് പിരപ്പൻകോട് ജംഗ്ഷന് സമീപം സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയിലാണ് അപകടം. ബാറ്ററിയിൽ നിന്നുള്ള വയർ ഷോർട്ടായി തീപിടിക്കുകയായിരുന്നെന്നാണ് നിഗമനം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വാഹനം നിറുത്തി യാത്രക്കാരെ പുറത്തിറക്കി. രണ്ടു കുട്ടികൾ ഉൾപ്പെടെ 14 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതോടെ വെഞ്ഞാറമൂട് ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നേമം സ്വദേശി ഭുവനേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.