1

പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിൽ പരണിയം വഴിമുക്ക് മുതൽ കൊച്ചുതുറ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം വരുന്ന ജനകീയ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. റോഡ് പൂർണമായും കുത്തിപ്പൊളിച്ച നിലയിലാണ്. ഓട നിർമ്മിക്കുന്നതിനും ജലജീവൻ മിഷൻ പൈപ്പ് കുഴിച്ചിടുന്നതിനും നടത്തിയ വർക്കുകളാണ് റോഡിനെ പൂർണമായും തകർത്തതെന്ന് നാട്ടുകാർ പറയുന്നു.

റോഡിന്റെ നവീകരണത്തിന് 47 ലക്ഷംരൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചുണ്ടെന്നാണ് പറയുന്നത്. 50 മീറ്റർ ദൂരം ഓട നിർമ്മിച്ച ശേഷം, വളവിൽ സ്ലാബിട്ടത് ഒരുപാട് അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോൾ ആഴ്ചകളായി ഒരു മീറ്റർ വീതിയിൽ,അര മീറ്റർ താഴ്ചയിൽ,ഒന്നര കിലോമീറ്റർ ദൂരം ചാലുവെട്ടി വ്യാപകമായി മണ്ണ് കടത്തൽ കൂടി നടത്തിയതോടെ ജനം ദുരിതത്തിലായിരിക്കുകയാണ്.