തിരുവനന്തപുരം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാർ എൻ.എച്ച്.എം ഓഫീസിലേക്ക് മാർച്ച് നടത്തി.സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആശമാർ പങ്കെടുത്തു.സാമൂഹ്യപ്രവർത്തകൻ ജോസഫ്.സി.മാത്യു ഉദ്ഘാടനം ചെയ്തു. സർക്കാർ ഈഗോ അവസാനിപ്പിച്ചില്ലെങ്കിൽ ജനരോഷം വർദ്ധിക്കുമെന്നും സമരം അടിയന്തരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക,കേന്ദ്രത്തിന്റെ ഇൻസെന്റീവ് വർദ്ധനയും ആനുകൂല്യങ്ങളും ഉടൻ നടപ്പിലാക്കുക,അഞ്ചുലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ അദ്ധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി എം.എ.ബിന്ദു,വൈസ് പ്രസിഡന്റുമാരായ എസ്.മിനി,കെ.പി.റോസമ്മ എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റോഡ്ലിൻ (കണ്ണൂർ),എ.സജീന (കോഴിക്കോട്),ബിന്ദു (പാലക്കാട്),സ്റ്റെല്ല.സി.എൽ (തൃശൂർ),ആശാ രാജ്.യു.ജെ (കോട്ടയം),തങ്കമണി (ഇടുക്കി),വിജി മനോജ് (എറണാകുളം),ഗീത.ഒ.ജി,കെ.ജെ.ഷീല (ആലപ്പുഴ),ലളിതമ്മ ജോയി (പത്തനംതിട്ട),ബിനി സുദർശനൻ (കൊല്ലം) തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നേതാക്കൾ എൻ.എച്ച്.എം ഡയറക്ടർ, ഡയറക്ടർ ഒഫ് ഹെൽത്ത് ഡയറക്ടറേറ്റ് എന്നിവർക്ക് നിവേദനം നൽകി.