തിരുവനന്തപുരം: വനാതിർത്തികളിൽ നിലവിലുള്ള സോളാർ ഫെൻസിംഗിന് പകരം വന്യജീവികൾ അടുത്തെത്തിയാൽ സ്വയം പ്രവർത്തന സജ്ജമാകുന്ന നിർമ്മിത ബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന സോളാർ വേലികൾ സ്ഥാപിക്കാൻ നിർദ്ദേശം. സംസ്ഥാനത്തെ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് പുറത്തിറക്കിയ കരട് നയസമീപന രേഖയിലാണിത്.

പരീക്ഷണാടിസ്ഥാനത്തിൽ കോതമംഗലം മുള്ളരിങ്ങാട് എൻ.എൽ.പി പ്രൈമറി സ്കൂളിലെ 400 മീറ്ററിൽ നടപ്പാക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമാക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡുമായി ഉണ്ടാക്കിയ കരാർ വിപുലീകരിക്കുന്നതും ആലോചിക്കുന്നു. വന്യമൃഗങ്ങൾ അടുത്തെത്തിയാൽ ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് അവയെ തുരത്താൻ സഹായിക്കുന്നതാണ് എ.ഐ വേലി. മൃഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് വനംവകുപ്പ് കൺട്രോൾ റൂമിലും സന്ദേശമെത്തും.

കാട്ടുപന്നികളെ തുരത്തുന്നതിന് പത്തനംതിട്ട അടൂരിൽ വിജയകരമായി പരീക്ഷിച്ച ലേസർ ഉപകരണം മറ്റിടങ്ങളിലും ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനും നിർദ്ദേശമുണ്ട്. കരട് രേഖയിൽ പൊതുജനങ്ങൾക്കടക്കം അഭിപ്രായം അറിയിക്കാം. 27ന് മുമ്പ് hwcpolicy.submission@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. കരട് രേഖ വനംവകുപ്പിന്റെ വെബ്സൈറ്റിൽ (https://forest.kerala.gov.in/) പ്രസിദ്ധീകരിച്ചു.