തിരുവനന്തപുരം: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും ബദൽ നയം അടുത്ത ജനുവരിയോടെ തയ്യാറാക്കുമെന്നും 2026 ൽ അധികാരത്തിൽ വരാൻപോകുന്ന പുതിയ സർക്കാർ അത് നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഫെഡറേഷൻ ഒഫ് കേരള കോളേജ് ടീച്ചേഴ്സ് (സി.കെ.സി. ടി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച വിശദമായ ഹയർ എഡ്യൂക്കേഷൻ കോൺക്‌ളേവ് അത്തരമൊരു ബദൽ സംവിധാനം ആലോചിക്കുകയും അതിനനുസൃതമായ വിഭവങ്ങൾ സമാഹരിച്ചു കൊണ്ടിരിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക് കോളേജ് അദ്ധ്യാപകരോടുളള വിവേചനവും അവസാനിപ്പിക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ ലത്തീഫ്, എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി.ഇബ്രാഹിം, സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്, ഡോ. സൈനുൽ ആബിദ് കോട്ട, ഡോ.കെ.കെ. അഷ്‌റഫ്, ഡോ. എസ്. ഷിബിനു, പി.എം. സലാഹുദ്ദീൻ, ഡോ. ആബിദ ഫാറൂഖി, ഡോ.എ.കെ. ഷാഹിനമോൾ, ഡോ. എ.ടി.അബ്ദുൽ ജബ്ബാർ ഡോ. മജീദ് കൊടക്കാട്, ജഹ്ഫർ ഓടക്കൽ, അബ്ദുൽ അസീസ് പാലത്തിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.