നെയ്യാറ്റിൻകര: കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ പത്താമത് എഡിഷൻ അരങ്ങേറുന്നു.
29 മുതൽ ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന മേളയിൽ, ശബ്ദ-പ്രകാശ വിന്യാസത്തോടെ പ്രത്യേക എക്സിബിഷൻ ഒരുക്കുന്നു. റോബോട്ടിക്സ്, എ.ഐ സാങ്കേതിക വിദ്യകളുടെ പ്രോജക്ടുകൾ മുഖ്യ ആകർഷണമാകും.
വനവിഭവങ്ങളുടെ വിസ്മയലോകം, ആദിവാസി ഊരിന്റെ അവതരണം, ജലധാര, കയർ-കൈത്തറി ഉത്പന്നങ്ങളുടെ തത്സമയ നിർമ്മാണ പ്രദർശനം, പ്രമുഖ പ്രസാധകരെ പങ്കെടുപ്പിക്കുന്ന പുസ്തകോത്സവം എന്നിവയുമുണ്ടാകും. വിവിധ സർക്കാർ വകുപ്പുകളും പരിപാടിയിൽ പങ്കെടുക്കുമെന്ന് എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ.ജി.സന്തോഷ് കുമാർ, കൺവീനർ എ.എസ്.സജികുമാർ എന്നിവർ അറിയിച്ചു.