തിരുവനന്തപുരം: പേവിഷബാധയേറ്റ് രണ്ട് മാസത്തിനിടെ രണ്ട് മ്ളാവുകൾ ചത്തതോടെ ആശങ്കയിലാണ് മൃഗശാല അധികൃതർ. രണ്ടുമാസം മുമ്പ് മ്ലാവ് പേവിഷബാധയേറ്റ് ചത്തതിന് പിന്നാലെ നിരീക്ഷണം ശക്തമാക്കി മുന്നോട്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മറ്റൊരു മ്ലാവിന് പേയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അവസ്ഥ ഗുരുതരമായതോടെ ഞായറാഴ്ച മ്ളാവ് ചത്തു.
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർച്ചയായി രണ്ട് മ്ലാവുകൾക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ മറ്റ് മൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. ഒപ്പം ജീവനക്കാർക്ക് സുരക്ഷ മാർഗനിർദേശവും നൽകി. കൈയുറ ഉപയോഗിച്ച് മാത്രമേ മൃഗങ്ങളെ പരിചരിക്കാവൂ. എന്തെങ്കിലും ലക്ഷണങ്ങൾ മൃഗങ്ങളിൽ കാണുന്നുണ്ടെങ്കിൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി.
മൃഗങ്ങളിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിപാലിക്കുന്ന കീപ്പർമാരും മറ്റ് ജീവനക്കാരും പരിഭ്രാന്തിയിലാണ്. കീരിയിനത്തിൽപെട്ട ജീവി മൃഗശാലക്കുള്ളിലും പരിസരങ്ങളിലും സ്വൗര്യവിഹാരം നടത്തുന്നുണ്ട്. ഇവ പേവിഷബാധയുടെ വാഹകരാണെന്നും ഇവയിൽ നിന്നുള്ള കടിയോ മറ്റോ ഏറ്റതാകാം പേവിഷബാധക്ക് കാരണമെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.