q

തിരുവനന്തപുരം: വാട്സാപ്പിലൂടെ ഇനി സംരംഭകർക്ക് ബിസിനസും വളർത്താം. ലാഭം കൊയ്യാം. കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെ‌.എസ്‌.യു‌.എം) രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പായ പിക്കി അസിസ്റ്റ് വികസിപ്പിച്ചെടുത്ത വാട്ട്‌സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷൻ സോഫ്ട്‌വെയർ ഇതിന് സഹായിക്കും. ഇന്നലെ സ്റ്റാച്യു ഹിൽറ്റൺ ഗാർഡനിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡ‌സ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ പ്രോഡക്ട് ലോഞ്ച് ചെയ്തു.

വാട്സാപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സഹകരണത്തോടെയാണ് ഉത്പന്നം പുറത്തിറക്കിയത്. സൊമാറ്റോ,സ്വിഗി പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉത്പന്നം പ്രമോട്ട് ചെയ്യാൻ ഭീമമായ കമ്മിഷൻ നൽകേണ്ടിവരും. വെബ്സൈറ്റ് നിർമ്മാണം എല്ലാ സംരംഭകർക്കും അറിയണമെന്നില്ല. ആപ്പ് നിർമ്മാണത്തിന് ചെലവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഒട്ടും ചെലവില്ലാതെ ബിസിനസ് നടത്താൻ വാട്സാപ്പ് പ്രയോജനപ്പെടുത്തുന്ന അവസരം പിക്കി അസിസ്റ്റ് അവതരിപ്പിച്ചത്. വാട്സാപ്പിൽ അക്കൗണ്ടുള്ള സംരംഭകന് സ്വന്തം നമ്പറോ ക്യൂ ആർ കോഡോ നൽകി ഉത്പന്നം ആവശ്യക്കാരിലെത്തിക്കാം. ഉത്പന്നം ഓർഡർ ചെയ്യുന്നതു മുതൽ പണം നൽകുന്നതുവരെ വാട്സാപ്പിലൂടെ നടത്തി, സ്വന്തം ബ്രാൻഡ് നിർമ്മിക്കാം. വികാസ് അഗർവാൾ, മെറ്റ പ്രതിനിധി സായ് ഗട്കരി, റെജി ശിവാനന്ദ്, രേവതി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.