kuzhikal

കല്ലമ്പലം: നാവായിക്കുളം - തുമ്പോട് റോഡിൽ രൂപപ്പെട്ട നൂറുകണക്കിന് കുഴികൾ അടിയന്തരമായി നികത്തണമെന്ന ആവശ്യം ശക്തമായി. റോഡിന്റെ ശോചീയാവസ്ഥയെക്കുറിച്ച് നിരന്തരം വാർത്തകൾ വന്നിരുന്നു. കുഴികളിൽ മണ്ണും മെറ്റലും നിറച്ചെങ്കിലും ടാർ ചെയ്യാത്തതിനാൽ മഴയിൽ മണ്ണെല്ലാം ഒലിച്ചുപോയി. കുഴികൾ വീണ്ടും രൂപപ്പെട്ടതോടെ വാഹനങ്ങൾ ഒച്ചിന്റെ വേഗതയിലാണ് കടന്നുപോകുന്നത്‌. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും പതിവാണ്.

റോഡിന്റെ ആദ്യം മുതൽ അവസാനം വരെ അപകടരമായ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. പനപ്പാംകുന്ന് സ്വദേശി നന്ദു (24) ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. റോഡിൽ വെള്ളം കെട്ടിനിന്ന് കുഴികൾ രൂപപ്പെട്ട നിലയിലാണ്. വെള്ളം കെട്ടി നിൽക്കുമ്പോൾ കുഴിയുടെ ആഴം മനസിലാകതെയാണ് അപകടങ്ങളുണ്ടാകുന്നത്. കേരളകൗമുദിയിൽ വന്ന വാർത്തയും ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷന്റെ ഇടപെടലുമാണ് കുഴികൾ നികത്താൻ കാരണമായത്. റോഡ്‌ തകരാനുള്ള മുഖ്യ കാരണം അഴിമതി തന്നെ. അടിയന്തരമായി റോഡ് പുനഃരുദ്ധീകരിച്ച് യാത്ര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മണ്ണിട്ട് ഉയർത്തിയെങ്കിലും പരിഹാരമില്ല

പാറച്ചേരിയിലെ വെള്ളക്കെട്ടിന് പരിഹാരമായി റോഡ്‌ മണ്ണിട്ട്‌ ഉയർത്തി മെറ്റൽ നിരത്തിയെങ്കിലും ടാർ ചെയ്യാത്തതിനാൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നാവായിക്കുളം - മടവൂർ - നിലമേൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും എൻ.എച്ച്, എം.സി റോഡുകളെ ബന്ധിപ്പിക്കുന്നതുമായ പ്രധാന പി.ഡബ്യൂ.ഡി റോഡാണിത്. ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരന്തരം സർവീസ് നടത്തുന്നതും വർക്കല, ചടയമംഗലം, പൊന്മുടി ടൂറിസം ഭാഗങ്ങളിലേക്കുമുള്ള പ്രധാന റോഡാണിത്.

പ്രതികരണം

ദേശീയപാതയെയും സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഈ റോഡിനെ അധികൃതർ അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ല. റോഡ്‌ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും.

ബ്രില്ല്യന്റ് നഹാസ്

നാവായിക്കുളം പഞ്ചായത്തംഗം